ഭാരതാംബ വിവാദത്തിന് പിന്നാലെ വീണ്ടും വിവാദ നിര്‍ദേശവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വിഭജനഭീതിയുടെ അനുസ്മരണ ദിനമായ ഓഗസ്റ്റ് പതിനാലിന് സര്‍വകലാശാലകളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയതിലൂടെ തന്‍റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് സര്‍ക്കാരിനെ ഓര്‍മപ്പെടുത്തുകയാണ് ഗവര്‍ണര്‍. വൈസ് ചാന്‍സലര്‍മാരോട് വിപുലമായി ആഘോഷം സംഘടിപ്പിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്ന ദിവസത്തെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മുഖ്യമന്ത്രി ഗവര്‍ണറെ പ്രതിഷേധം അറിയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആവശ്യപ്പെട്ടു.
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചതിന്‍റെ നീരസം മന്ത്രിമാര്‍ പരസ്യമാക്കി വേദി വിട്ടിറങ്ങുന്നു. ഗവര്‍ണര്‍ക്കെതിരെ വ്യത്യസ്ത പ്രതിഷേധമുണ്ടാവുന്നു. കടുത്ത നിലപാട് മയപ്പെടുത്തുക ലക്ഷ്യമാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാണുന്നു. ചായ കുടിച്ച് അനുനയ നീക്കത്തിന് ശ്രമം. ആര് പ്രതിഷേധിച്ചാലും അനുനയ നീക്കത്തിന് ശ്രമിച്ചാലും തന്‍റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. ഭാരതാംബ വിവാദം മയപ്പെട്ടെന്ന് കരുതിയിരിക്കുമ്പോഴാണ് ഓഗസ്റ്റ് പതിനാലിന്‍റെ കാര്യം മറന്നുപോവരുതെന്നും ഏവര്‍ക്കും ഓര്‍മയില്‍ സൂക്ഷിക്കാന്‍ പറ്റുന്ന മട്ടില്‍ ആഘോഷിക്കണമെന്നും വൈസ് ചാന്‍സലര്‍മാരോട് നിര്‍ദേശിച്ചുള്ള ഗവര്‍ണറുടെ സര്‍ക്കുലര്‍. അങ്ങനെയൊരു ദിവസത്തെക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി.
വിഭജനഭീതി ദിനം ആചരിക്കണമെന്ന ഗവര്‍ണറുടെ സര്‍ക്കുലറിനെതിരെ മുഖ്യമന്ത്രി പ്രതിഷേധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരിന്‍റെ പ്രതിഷേധം ഗവര്‍ണറെ മുഖ്യമന്ത്രി അറിയിക്കണമെന്നും പ്രതിപക്ഷ നേതാവ്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം സര്‍വകലാശാല നടത്തിപ്പില്‍ വരെ കാര്യമായ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇടതുപക്ഷ വിദ്യാര്‍ഥി, യുവജന സംഘടനകള്‍ ഉള്‍പ്പെടെ സംഘി വി.സിമാരെന്ന വിമര്‍ശനം ഉയര്‍ത്തുമ്പോഴാണ് മുള്ളിനെ മുള്ളു കൊണ്ടെടുക്കാനുള്ള രാജ്ഭവന്‍ നീക്കം.