കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയെ കണ്ടെത്തണമെന്ന പരാതിക്ക് ചെക്ക് വച്ച് ബിജെപി. വയനാട് എം.പി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് കാണിച്ച് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ് ബിജെപി. മൂന്ന് മാസമായി മണ്ഡലത്തിൽ എം.പിയെ കാണാനില്ലെന്നും കണ്ടെത്തണം എന്നും ആവശ്യപ്പെട്ടാണ് പരാതി. ബിജെപി എസ്.ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറയാണ് പരാതിക്കാരൻ.
ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിന്റെ വാർഷികത്തിന് പ്രിയങ്കയെ കണ്ടില്ല. ആദിവാസി വിഭാഗം കൂടുതലുള്ള ജില്ലയിൽ അവരുടെ വിഷയത്തിൽ ഇടപെടുന്നതിന് എം.പിയെ കാണുന്നില്ല. അതുകൊണ്ട് പരാതി സ്വീകരിച്ച് എം.പിയെ കണ്ടെത്തി തരണമെന്നാണ് ആവശ്യം. ജൂൺ 14നാണ് ഒടുവിൽ പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാകട്ടെ ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം മൗനം തുടരുന്നുവെന്ന് ആരോപിച്ചാണ് കെഎസ്‌യുവിന്റെ 'പരാതിനീക്കം'.
അറസ്റ്റ് വിഷയത്തിന് ശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം എന്നും ആവശ്യപ്പെട്ടാണ് കെഎസ് യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്.