കെപിസിസി പുനഃസംഘടനക്കായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. എംപിമാരെ പ്രത്യേകം കാണുന്നത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തുടരുകയാണ്. അതൃപ്തികൾ പരിഹരിക്കാനും എല്ലാവരുമായി കൂടിക്കാഴ്ച നടത്തി എന്ന് ഉറപ്പാക്കാനുമാണ് എംപിമാരെ പ്രത്യേകം കാണുന്നത്. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
ശശി തരൂരിനെ വസതിയിൽ എത്തിക്കണ്ടാണ് അധ്യക്ഷൻ അഭിപ്രായം തേടിയത്. ഇന്നലെയായിരുന്നു കൂടിക്കാഴ്ച. പുനഃസംഘടനയ്ക്ക് ശശി തരൂർ പിന്തുണ അറിയിച്ചു. ചര്‍ച്ച പോസിറ്റീവെന്ന് കെപിസിസി അധ്യക്ഷന്‍ പിന്നീട് അറിയിച്ചു. എംപിമാർ നൽകിയ നിർദേശപ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ അധ്യക്ഷമാറ്റം ഉറപ്പിച്ചപ്പോൾ പാലക്കാട് പത്തനംതിട്ട കാസർഗോഡ് ജില്ലകളുടെ കാര്യത്തിൽ ഭിന്നഭിപ്രായമാണ്.
നേതൃത്വം കണ്ടെത്തിയ ഊർജസ്വലരായ യുവജനപ്രതിനിധികൾ ഡിസിസി അധ്യക്ഷന്മാർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്ന എഐസിസി നിർദേശം ഉള്ളതിനാൽ പദവി ഏറ്റെടുക്കുന്നതിന് വിസമ്മതിക്കുന്നതും ചർച്ചയ്ക്ക് വിലങ്ങുതടിയാകുന്നുണ്ട്. പറയാനുള്ളത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പുനഃസംഘടനയില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പരിഗണന വേണമെന്ന് നേതൃത്വത്തെ അറിയിച്ചെന്നും കൊടിക്കുന്നില്‍ ഡല്‍ഹിയില്‍ പറഞ്ഞു.