cpm-send-off

TOPICS COVERED

സി.സദാനന്ദൻ എം.പി.യുടെ കാൽ വെട്ടിയ കേസിൽ 8 സി.പി.എം. പ്രവർത്തകർ ജയിലിൽ. ശിക്ഷ ഹൈക്കോടതി കൂടി ശരിവെച്ചതോടെയാണ് 31 വർഷത്തിനുശേഷം പ്രതികൾ തടവിലായത്. പ്രതികൾക്ക് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകുന്നതിനു മുൻപ് സി.പി.എം. യാത്രയയപ്പ് നൽകി.

സി.പി.എം. പ്രാദേശിക നേതാവായിരുന്ന ജനാർദ്ദനന്റെ കാൽ വെട്ടിയതിൽ ആർ.എസ്.എസ്. നേതാവായിരുന്ന സി.സദാനന്ദന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു 1994 ജനുവരി 25-ന് രണ്ട് കാലുകളും സി.പി.എം. പ്രവർത്തകർ വെട്ടി മാറ്റിയത്. സുപ്രീംകോടതി വരെ എത്തിയ കേസിലാണ് 31 വർഷത്തിനുശേഷം പ്രതികൾ ജയിലിനുള്ളിൽ ആകുന്നത്. കെ.ശ്രീധരൻ, മാതമംഗലം നാണു, മച്ചാൻ രാജൻ, പി.കൃഷ്ണൻ, ചന്ദ്രോത്ത് രവീന്ദ്രൻ, പുല്ലാഞ്ഞിയോടുള്ള സുരേഷ് ബാബു, മല്ലപ്രവൻ രാമചന്ദ്രൻ, കെ.ബാലകൃഷ്ണൻ എന്നിവരാണ് പ്രതികൾ. 2007-ൽ എട്ടുപേർക്കും തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഏഴുവർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു.

ഇതിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളുകയും, പിഴ അൻപതിനായിരമായി ഉയർത്തുകയും ചെയ്തത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. പിന്നീട് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫയലിൽ സ്വീകരിച്ചില്ല. കോടതി നൽകിയ നോട്ടീസ് പ്രകാരം ഹാജരാകേണ്ട അവസാന തീയതി ഇന്നായിരുന്നു. ഇതേ തുടർന്ന് പ്രതികൾ തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരായി. ഇതിനുമുൻപ് ഉരുവച്ചാൽ ലോക്കൽ കമ്മിറ്റി ഓഫീസിൽ കെ.കെ.ശൈലജ എം.എൽ.എ. ഉൾപ്പെടെ നേതാക്കളും പ്രവർത്തകരും പ്രതികൾക്ക് യാത്രയയപ്പ് നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകാനായി ഇറക്കിയപ്പോഴും ജയിലിൽ എത്തിച്ചപ്പോഴും കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ അഭിവാദ്യം. 

പ്രതികൾക്ക് യാത്രയപ്പ് നൽകിയതിനെതിരെ സി.സദാനന്ദൻ എം.പി. രംഗത്ത് വന്നു. വലിയ കോളിളക്കം സൃഷ്ടിച്ച കേസിലാണ് മൂന്ന് പതിറ്റാണ്ടിനു ശേഷം പ്രതികൾ ശിക്ഷിക്കപ്പെടുന്നത്.

ENGLISH SUMMARY:

The CPM gave a send-off to the accused who are going to jail in the case concerning the grievous assault on C. Sadanandan MP. The send-off took place at the Kannur Uruvachal Local Committee Office and the court premises. K.K. Shailaja MLA also participated.