ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകളുടെ മോചനത്തിനുശേഷവും വാക്പോര്. രാഷ്ട്രീയനാടകമാണ് അരങ്ങേറിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബി.ജെ.പിയുടേത് ആഭാസനാടകമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി പ്രതികരിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരു ക്രെഡിറ്റും വേണ്ടെന്ന് റോജി എം.ജോണ്‍ എം.എല്‍.എ പ്രതികരിച്ചു. നീതിയുടെയും കേരളത്തിന്റെയും വിജയമെന്ന് കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളും പ്രതികരിച്ചു. 

Also Read: ഒന്‍പത് ദിവസത്തിനുശേഷം മോചനം; കന്യാസ്ത്രീകള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി


മലയാളി കന്യാസ്ത്രീകള്‍ക്ക് ഒന്‍പതാം ദിവസമാണ് ജാമ്യം കിട്ടിയത്. ഒപ്പമുണ്ടായിരുന്ന ആദിവാസി യുവാവിനും ജാമ്യം ലഭിച്ചു. കേസ് എന്‍ഐഎ തന്നെ അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഒപ്പിടണം. കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ക്രിസ്തീയ വിശ്വാസികളാണെന്ന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഒന്‍പത് ദിവസം നീണ്ട ജയില്‍വാസത്തിനും ആശങ്കയ്ക്കുമൊടുവില്‍ സിസ്റ്റർ വന്ദന ഫ്രാൻസിസും, സിസ്റ്റർ പ്രീതി മേരിയും ജയില്‍ മോചിതരായി. 

കേസിന്‍റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും അന്വേഷണത്തിനും വിചാരണക്കും സമയമെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. എന്‍ഐഎ തന്നെയാവും കേസ് അന്വേഷിക്കുക എന്ന് വ്യക്തം. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഒപ്പിടണം.

50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടു പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, എന്നിങ്ങനെ ഏഴ് ജാമ്യ ഉപാധികള്‍. കുറ്റം ചെയ്തുവെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് അറസ്റ്റെന്ന് ജാമ്യഉത്തരവില്‍ വ്യക്തമായി പറയുന്നു. പെണ്‍കുട്ടികളെ സമ്മതത്തോടെ അയച്ചതാണെന്ന മാതാപിതാക്കളുടെ സത്യവാങ്മൂലവും ചെറുപ്പം മുതല്‍ ക്രിസ്തീയ വിശ്വാസികളാണെന്ന പെണ്‍കുട്ടികളുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടിട്ടില്ല. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് എന്‍ഐഎ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. എന്‍ഐഎ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം കേസന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ് എന്നതും ശ്രദ്ധേയം.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും നിയമപോരാട്ടം തുടരുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രതികരിച്ചു.  എഫ്ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സഭാ തീരുമാനം. ജാമ്യം ലഭിച്ചതില്‍ കേന്ദ്രസര്‍ക്കാരിനും ഛത്തിസ്ഗഡ് സര്‍ക്കാരിനും സിബിസിഐ നന്ദി പറഞ്ഞു. എന്നാല്‍ കള്ളക്കേസാണ് കന്യാസ്ത്രീകള്‍ക്കെതിരെ എടുത്തതെന്ന് തന്നെയാണ് സഭാ നിലപാട്. അതിനാല്‍ ഹൈക്കോടതിയെ സമീപിക്കും. 

കേസ് റദ്ദാക്കാന്‍ ഭരണാധികാരികള്‍ ആര്‍ജവം കാണിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്ക ബാവ പറഞ്ഞു. ജാമ്യം ലഭിച്ചത് ആശ്വാസകരമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ വാവാ. കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പരസ്യ വിചാരണ നടത്തിയവര്‍ക്കെതിരെ കേസെടുക്കണം. കള്ളക്കേസ് റദ്ദാക്കിയാലേ കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കൂവെന്നും കാതോലിക്ക ബാവ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും സംരക്ഷണം ആവശ്യമാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാര മത സ്വാതന്ത്ര്യം ലഭിക്കണമെന്നും സിബിസിഐ ലീഗൽ സെൽ സെക്രട്ടറി സിസ്റ്റര്‍ സായൂജ്യ പറഞ്ഞു. മതേതര ഇന്ത്യയുടെ മുറിവായി വിഷയം ഏറ്റെടുത്ത മാധ്യമങ്ങള്‍ക്കും സഭ നന്ദി പറഞ്ഞു

ENGLISH SUMMARY:

Malayali nuns have been granted bail in Chhattisgarh, sparking a fierce "word war" between political parties and prompting major Church bodies to vow continued legal action to quash the "false case." The NIA will investigate the case, with the bail granted under strict conditions while political and religious leaders react to the development.