യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി പട്ടികയില്‍ നിന്ന് കെഎസ് യു മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്തിനെ ഒഴിവാക്കിയതില്‍ സംഘടനക്കുള്ളില്‍ അമര്‍ഷം പുകയുന്നു. അഭിജിത്തിന്‍റെ അയോഗ്യത എന്താണെന്ന് നേതൃത്വം വിശദീകരണിക്കണമെന്നാവശ്യപ്പെട്ട് വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെ കെ.എം. അഭിജിത്ത് നടത്തിയ സമരങ്ങളുടെ ദൃശ്യങ്ങള്‍ അടക്കം പങ്കുവെച്ചാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി പട്ടികക്കെതിരെ പരസ്യ പ്രതിഷേധം ഉയരുന്നത്. നിലവിലെ കെഎസ് യു വൈസ് പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിമാരും പ്രതിഷേധിച്ചവരില്‍ ഉള്‍പ്പെടുന്നു. അഭിജിത്ത് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ കെഎസ് യുവിന്‍റെ വിവിധ ഘടകങ്ങളില്‍ ചുമതലയുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് – കെഎസ് യു ഭാരവാഹികളാണ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയവരില്‍ ഏറെയും. കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ശ്രീലാല്‍ ശ്രീധര്‍, വി.കെ. ഷിബിന എന്നിവരാണ് സംസ്ഥാനത്ത് നിന്ന് ഭാരവാഹി പട്ടികയില്‍ ഇടം പിടിച്ചത്. നാല് പേരും ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ് ജിന്‍ഷാദും ശ്രീലാല്‍ ശ്രീധറും. ബിനു ആകട്ടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും.