യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ സംഘടനയ്ക്കുള്ളില്‍ അമര്‍ഷം പുകയ്ന്നു. കെഎസ്‌യു മുന്‍സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ഒഴിവാക്കിയതിനെതിരെയാണ് സാമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ പരസ്യമായി രംഗത്തെതിയത്.
അഭിജിത്തിനെ യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിയാക്കാത്തതിൽ കെ എസ് യു സംസ്ഥാന ഉപാധ്യക്ഷൻ അരുൺ രാജേന്ദ്രന്‍ അടക്കം നിരവധി കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. എന്താണ് ഇനിയും അഭിജിത്ത് പാർട്ടിക്ക് വേണ്ടി ചെയ്യേണ്ടതെന്നും എന്താണ് അഭിജിത്ത് ഇതുവരെ ചെയ്തതിൽ ഒരു കുറവായി തോന്നിയത് എന്നുമാണ് അരുൺ ചോദിക്കുന്നത്. നിരവധി കോൺഗ്രസ് സൈബർ പേജുകളും അഭിജിത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
അഭിജിത്തിനെ മാറ്റിനിര്‍ത്തിയവര്‍ അയോഗ്യത കൂടി പറയണം എന്നാണ് പ്രചരിപ്പിക്കപ്പെടുന്ന പോസ്റ്റുകളിലെ ആവശ്യം. അഭിജിത്ത് കെഎസ്‌യു പ്രസിഡന്റ് ആയിരുന്ന കാലത്തെ രക്തരൂക്ഷിതമായ സമരങ്ങള്‍ അടക്കം ഓര്‍മപ്പെടുത്തിയാണ് പ്രതികരണങ്ങള്‍ ഏറേയും.
ഹിമാചല്‍ പ്രദേശില്‍ നടന്ന നേത്യക്യംപിലും അഭിമുഖത്തിലും അഭിജിത്ത് പങ്കെടുത്തിരുന്നു. പുനസംഘടനയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം പ്രതീക്ഷിരുന്നതായും അഭിജിത്തുമായി അടുത്ത വ്യത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നും 4 പേരാണ് അഖിലേന്ത്യാ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടത്. ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ശ്രീലാല്‍ ശ്രീധര്‍, ഷിബിന വി.കെ. എന്നിവരാണ് സംസ്ഥാനത്തുനിന്ന് ഇടം പിടിച്ചത്. എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ച പട്ടികയില്‍ നാലുപേരും ദേശീയ സെക്രട്ടറി സ്ഥാനത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.