ഫയല്‍ ചിത്രം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ. ജില്ലാ നേതൃസംഗമത്തിലാണ് പ്രതിനിധികൾ രാഹുലിനെ വിമർശിച്ചത്. സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെ പോലെ പെരുമാറുകയാണ്. തിരഞ്ഞെടുപ്പ് ജയിച്ചതോടെ രാഹുൽ സംഘടനയുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും വിമർശനമുയർന്നു. വിമർശനം കടുത്തതോടെ രാഹുൽ വേദി വിട്ടു. പിന്നീട് പ്രതിഷേധം കടുത്തതോടെ തിരികെയെത്തി.
വയനാട് ദുരിതാശ്വാസത്തിൽ വീട് നിർമിക്കാൻ ഏകപക്ഷീയ തീരുമാനമെടുത്തു എന്നും രാഹുലിനെതിരെ വിമര്‍ശനമുണ്ടായി. വേദിയിൽ നിന്നിറങ്ങിയ രാഹുലിനെ നേതാക്കൾ ഇടപ്പെട്ടാണ് തിരികെയെത്തിച്ചത്. വയനാട് പുനരധിവാസത്തിലെ ഫണ്ട് പിരിവുകൾ ഉടൻ പൂർത്തിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. അടുത്ത മാസം 15 നകം പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
അതേസമയം, എന്തുകൊണ്ടാണ് വയനാട് പുനരധിവാസത്തില്‍ കോണ്‍ഗ്രസും യൂത്ത്കോണ്‍ഗ്രസും നിര്‍മ്മിക്കുന്ന വീടുകളെ കുറിച്ച് വിവാദം ഉണ്ടാകുന്നത് എന്ന് ചോദിച്ചാല്‍ സര്‍ക്കാറിന്‍റെ വീഴ്ചകളെ മറയ്ക്കാന്‍ വേണ്ടിയിട്ടാണെന്ന് രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഒന്നാം വര്‍ഷമാകുമ്പോള്‍ യുദ്ധകാലടിസ്ഥാനത്തില്‍ മാതൃകാ ഭവനം പൂര്‍ത്തീകരിച്ചു എന്നാണ് സര്‍ക്കാറിന്‍റെ വയ്പ്. ആ വീട് ഇന്നത്തെ ദിവസം ഒരാള്‍ക്ക് താമസിക്കാന്‍ പറ്റുന്ന വീടാണോ എന്നും രാഹുല്‍. സര്‍ക്കാറിന് 770 കോടി രൂപ കിട്ടിയിട്ട് ഒരു മാതൃകാ ഭവനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ആരെയെങ്കിലും സര്‍ക്കാര്‍ സഹായിച്ചോ എന്നും രാഹുല്‍ ചോദിച്ചു.