satheesan-sudheeran-vellappally

യു‍‍‍ഡിഎഫിന് അധികാരം കിട്ടിയില്ലെങ്കില്‍ രാജിവച്ച് വനവാസത്തിന് പോകുമോ എന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടുള്ള പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍റെ പ്രഖ്യാപനം ധീരവും കോണ്‍ഗ്രസിന്‍റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്നും വിഎം സുധീരന്‍. വെള്ളാപ്പള്ളി നടേശനെ വെല്ലുവിളിക്കുള്ള സതീശന്‍റെ മറുപടി തികച്ചും അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞ അദ്ദേഹം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി പദം വെള്ളാപ്പള്ളി ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു. 

ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഗുരുദേവന്‍ അരുത് എന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍മാത്രം ചെയ്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും വിഎം സുധീരന്‍ വിമര്‍ശിച്ചു. കേരളത്തെ വീണ്ടും വര്‍ഗ്ഗീയ ഭ്രാന്താലയമാക്കാനാണ് വെള്ളാപ്പള്ളിയുടെ ഗൂഢശ്രമം. ഇതുവഴി മോദി- പിണറായിമാരുടെ ദുര്‍ഭരണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് വെള്ളാപ്പള്ളി കളമൊരുക്കുന്നതെന്നും തന്റെ തെറ്റായ പ്രവൃത്തികള്‍ക്കുണ്ടാകുന്ന നിയമപരമായ നടപടികളില്‍നിന്നും ഒഴിവാകുകയെന്ന ഗുഢലക്ഷ്യവും വെള്ളാപ്പള്ളിക്കുണ്ടെന്നും അദ്ദേഹം കുറിച്ചു. 

നാടിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ശ്രീനാരായണ ഗുരു നല്‍കിയ സന്ദേശങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷനായിരിക്കുന്നത് കേരളത്തിന് അപമാനകരമാണ്. നവോത്ഥാന നായകര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളോട് ആദരവുണ്ടെങ്കില്‍ സംസ്ഥാന നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും വെള്ളാപ്പള്ളിയെ നീക്കംചെയ്യാന്‍ മുഖ്യമന്ത്രി പിണറായി തയ്യാറാകണമെന്നും സുധീരന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 

യുഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറല്ല, 98 സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ പദവി രാജിവച്ച് രാഷ്ട്രീയ വനവാസത്തിന് പോകാൻ തയ്യാറുണ്ടോ എന്നായിരുന്നു വെള്ളാപ്പള്ളി നടേൻ വി.ഡി.സതീശനെ വെല്ലുവിളിച്ചത്. അങ്ങിനെയെങ്കിൽ ജനറൽ സെക്രട്ടറി പദവി ഒഴിയാൻ താൻ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പറവൂരിൽ നടന്ന എസ്എൻഡിപി യോഗം നേതൃസംഗമത്തിലായിരുന്നു വെല്ലുവിളി. അഹങ്കാരത്തിന്റെ ആൾരൂപമായി സതീശൻ മാറിയെന്നും അടുത്ത മുഖ്യമന്ത്രിയാകും എന്നു കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുകയുമുണ്ടായി. പിന്നാലെ വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് വി.ഡി.സതീശന്‍ രംഗത്തെത്തുകയായിരുന്നു.

ENGLISH SUMMARY:

Opposition Leader V.D. Satheesan’s bold acceptance of Vellappally Natesan’s challenge has been praised by senior Congress leader V.M. Sudheeran. He described Satheesan’s response as dignified and courageous, upholding the values of the Congress party. Sudheeran accused Vellappally of misusing the SNDP General Secretary post for selfish political gains. He also criticized Vellappally for acting against the teachings of Sree Narayana Guru, thereby polluting Kerala’s social-political atmosphere. Alleging a hidden agenda to divert public attention from the failures of Modi and Pinarayi governments, Sudheeran demanded Vellappally's removal from the Renaissance Committee chairmanship. The controversy arose after Vellappally challenged Satheesan to resign and retire politically if UDF failed to secure at least 98 seats in the assembly elections.