ആര്‍എസ്എസിന്‍റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും വിമര്‍ശനം മുഖവിലയ്ക്കെടുക്കാതെ കേരളത്തിലെ നാല് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തു. ഭാരതം എന്നതിന് പകരമല്ല ഇന്ത്യ എന്നും ഭാരതത്തെ ഭാരതം എന്നു തന്നെ പറയണമെന്നും പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു.
സെമിനാറില്‍ പങ്കെടുത്തെങ്കിലും ആര്‍എസ്എസ് മേധാവിക്കൊപ്പമുള്ള പരിപാടിയുടെ ഭാഗമായിട്ടില്ലെന്ന് കുഫോസ് വി.സി വിശദീകരിക്കുന്നു. ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് ആണ് ജ്ഞാനസഭ എന്ന പേരില്‍ രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചത്. ആരോഗ്യസര്‍വകലാശാല വൈസ്ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍, കാലിക്കറ്റ് സര്‍വകലാശാല വിസി പി രവീന്ദ്രന്‍, കുഫോസ് വിസി എ ബിജുകുമാര്‍, കണ്ണൂര്‍ വിസി കെ.കെ സാജു എന്നിവര്‍ ജ്ഞാനസഭയുടെ ഭാഗമായി വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായിരുന്നു ജ്ഞാന സഭയുടെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥികള്‍. സെമിനാറില്‍ പങ്കെടുത്ത് നിലപാട് വിശദീകരിക്കുക മാത്രമാണ് ചെയ്തത് ആര്‍എസ്എസ് മേധാവി എത്തിയ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് കുഫോസ് വി.സി വിശദീകരിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ഭാരതവല്‍ക്കരണം അനിവാര്യമാണെന്ന് ആര്‍എസ്എസ് മേധാവി.
മോഹനന്‍ കുന്നുമ്മല്‍ കഴിഞ്ഞ ദിവസം മോഹന്‍ ഭാഗവതിനെ കണ്ടിരുന്നു. വിവാദങ്ങളോട് പ്രതികരിക്കാന്‍ വിസിമാര്‍ തയ്യാറായില്ല. ഗവര്‍ണറും ആര്‍എസ്എസ് മേധാവിയും പങ്കെടുത്ത ചടങ്ങില്‍ ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നില്ലെന്നത് അടുത്തയിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൗതുകമാണ്.