പാലോട് രവി ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചെന്നു തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതലയുള്ള എന്‍.ശക്തന്‍. രവി പ്രാദേശികനേതാവിനെ വിരട്ടുക മാത്രമാണ് ചെയ്തത്'. ചില വാക്കുകള്‍ ഒഴിവാക്കണമായിരുന്നു. സംഭാഷണം പൂര്‍ണമായി പുറത്തുവിട്ടാല്‍ അത് വ്യക്തമാകും. ശബ്ദരേഖ നേതൃത്വം പൂര്‍ണമായി കേട്ടോ എന്നറിയില്ല. 

കോണ്‍ഗ്രസുകാരുടെ ശത്രു കോണ്‍ഗ്രസുകാര്‍ തന്നെ. പരാജയപ്പെടുത്തുന്നത് കോണ്‍ഗ്രസുകാരെന്നും എന്‍.ശക്തന്‍ ശബ്ദരേഖാ വിവാദത്തില്‍ പ്രതികരിച്ചു.  വിവാദഫോണ്‍സംഭാഷത്തിലൂടെ ​പാർട്ടിയെ വെട്ടിലാക്കിയ പാലോട് രവിയുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു കെപിസിസി നേതൃത്വം. 

Read Also: തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല എന്‍.ശക്തന്


ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നും കോൺഗ്രസ് എടുക്കാച്ചരക്കമായി മാറുമെന്നുമായിരുന്നു ഫോണ്‍സംഭാഷണത്തില്‍ രവി പറഞ്ഞത്. പാലോടുമായുള്ള ഫോണിൽ സംസാരിച്ച് അത് റെക്കോഡ് ചെയ്ത കോൺഗ്രസ് വാമനപുരം ബ്ളോക്ക് ജനറൽ സെക്രട്ടറി പുല്ലമ്പാറ ജലീലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് രാജിയിലേക്ക് നയിച്ച ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടത് താനല്ലെന്ന് ആരോപണവിധേയനായ പുല്ലമ്പാറ ജലീൽ പ്രതികരിച്ചു.  താനുമായുള്ള പാലോടിന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ മൂന്നാമതൊരാൾക്ക് നൽകിയിരുന്നു. അത് ആരാണെന്നും ആര്‍ക്ക് വേണ്ടിയാണ് അത് പുറത്തുവിട്ടിരിക്കുന്നതെന്നും നേതൃത്വത്തെ അറിയിക്കും. പാലോട് രവിയുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹം രാജിവയ്ക്കാൻ ഉണ്ടായ സാഹചര്യത്തിൽ ദുഖമുണ്ടെന്നും ജലീൽ പറഞ്ഞു.   

ഇങ്ങനൊരു ചതി പ്രതീക്ഷിച്ചില്ല. പാലോട് രവി സംസാരിച്ചത് സ്റ്റഡി ക്ലാസ് എടുക്കുംപോലെയായിരുന്നു. പാര്‍ട്ടി നന്നാകണമെന്നാണ് പാലോട് രവി ഉദ്ദേശിച്ചത്. എന്നാല്‍ പാലോട് രവിയോട് ചെയ്തത് ചതിയാണ്. രതീഷ് എന്ന ഉറ്റസുഹൃത്തിന് ശബ്ദരേഖ അയച്ചു. എന്‍റെ മൊബൈലില്‍ എല്ലാ കോളും റെക്കോര്‍ഡ് ആകും. രതീഷാണ് ശബ്ദരേഖ ദുരുപയോഗം ചെയ്തതെന്നും പുല്ലമ്പാറ ജലീല്‍  മനോരമ ന്യൂസിനോടു പറഞ്ഞു. 

നാലുമാസം മുൻപ് പാലോട് രവിയും പുല്ലമ്പാറ ജലീലും നടത്തിയ സംഭാഷണം പുറത്തുവന്ന ശേഷവും പാലോട് രവി തന്റെ ഭാഗം ന്യായീകരിച്ചതോടെയാണ് കെ.പി.സി.സി നേതൃത്വം രാജി ചോദിച്ചുവാങ്ങിയത്. നടപടിയെടുക്കുന്നത് ഒഴിവാക്കാൻ രാജിവച്ച് മാന്യമായി സ്ഥാനമൊഴിയാൻ പാർട്ടി നേതൃത്വം അവസരം നൽകുകയായിരുന്നു. ഇതോടെ രാജിക്കത്ത് നൽകി. അത് സ്വീകരിച്ചെന്ന് അറിയിച്ച് കെ.പി.സി.സി പ്രസിഡന്റ് വാർത്താക്കുറിപ്പും ഇറക്കി. 

പാലോട് രവി പാർട്ടിയെ വെട്ടിലാക്കിയത് എ.ഐ.സി.സി നേതൃത്വത്തെ സണ്ണി ജോസഫ് അറിയിച്ചിരുന്നു. എഐസിസി നേതൃത്വത്തിന്റെ കൂടി അനുമതിയോടെയാണ് തുടർനടപടി സ്വീകരിച്ചത്. പാലോടുമായി ഫോണിൽ സംസാരിച്ച് അത് റെക്കോഡ് ചെയ്ത് പുറത്തുവിട്ടത് ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനം ആണെന്ന് വിലയിരുത്തിയാണ് പുല്ലമ്പാറ ജലീലിനെ പുറത്താക്കിയത്. ഇനി ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം. രാജിവച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ പാലോട് രവി തയാറായില്ല. 

പാലോട് രവിയുടെ സംഭാഷണം ഇങ്ങനെ

‘പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോൺഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും', പാലോട് രവി പറയുന്നു.

മുസ്ലിം സമുദായങ്ങള്‍ വേറെ പാര്‍ട്ടിയിലേക്കും കുറച്ചുപേര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്കും പോകും. കോൺഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാച്ചരക്കായി മാറുമെന്നും പാലോട് രവി പറഞ്ഞു. 

ENGLISH SUMMARY:

Palode Ravi resigned from his DCC President post after a controversial phone conversation was leaked, leading to internal party conflict. N. Sakthan criticized the situation, stating Ravi was punished for a mistake he didn't commit, while Pullampara Jaleel, who recorded the call, was expelled.