paloderesign

TOPICS COVERED

​പാർട്ടിയെ വെട്ടിലാക്കിയ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ രാജി ചോദിച്ചുവാങ്ങി കെ.പി.സി.സി. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നും കോൺഗ്രസ് എടുക്കാച്ചരക്കമായി മാറുമെന്നുമുള്ള പാലോടിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് രാജി അനിവാര്യമായത്. പാലോടുമായുള്ള ഫോണിൽ സംസാരിച്ച് അത് റെക്കോഡ് ചെയ്ത കോൺഗ്രസ് വാമനപുരം ബ്ളോക്ക് ജനറൽ സെക്രട്ടറി പുല്ലമ്പാറ ജലീലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.

നാലുമാസം മുൻപ് പാലോട് രവിയും പുല്ലമ്പാറ ജലീലും നടത്തിയ ഈ സംഭാഷണം പുറത്തുവന്ന ശേഷവും പാലോട് രവി തന്റെ ഭാഗം ന്യായീകരിച്ചതോടെയാണ് കെ.പി.സി.സി നേതൃത്വം രാജി ചോദിച്ചുവാങ്ങിയത്. നടപടിയെടുക്കുന്നത് ഒഴിവാക്കാൻ രാജിവച്ച് മാന്യമായി സ്ഥാനമൊഴിയാൻ പാർട്ടി നേതൃത്വം അവസരം നൽകുകയായിരുന്നു. ഇതോടെ രാജിക്കത്ത് നൽകി. അത് സ്വീകരിച്ചെന്ന് അറിയിച്ച് കെ.പി.സി.സി പ്രസിഡന്റ് വാർത്താക്കുറിപ്പും ഇറക്കി. പാലോട് രവി പാർട്ടിയെ വെട്ടിലാക്കിയത് എ.ഐ.സി.സി നേതൃത്വത്തെ സണ്ണി ജോസഫ് അറിയിച്ചിരുന്നു. എഐസിസി നേതൃത്വത്തിന്റെ കൂടി അനുമതിയോടെയാണ് തുടർനടപടി സ്വീകരിച്ചത്. പാലോടുമായി ഫോണിൽ സംസാരിച്ച് അത് റെക്കോഡ് ചെയ്ത് പുറത്തുവിട്ടത് ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനം ആണെന്ന് വിലയിരുത്തിയാണ് പുല്ലമ്പാറ ജലീലിനെ പുറത്താക്കിയത്. ഇനി ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം. രാജിവച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ പാലോട് രവി തയാറായില്ല. പാലോടിന്‍റെ ഒഴിവിലേക്ക് താൽക്കാലിക പ്രസിഡന്‍റിനെ നിയോഗിച്ചിട്ടില്ല. ഇക്കാര്യത്തിൽ കെ.പി.സി.സി ഉടൻ തീരുമാനമെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുഴുവൻ സമയ പ്രസിഡന്റിനെയും ഉടൻ കണ്ടെത്തും. അതേസമയം, ശബ്ദരേഖ ഇപ്പോൾ പുറത്തുവിട്ടതിന് പിന്നിൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുംനട്ടിരിക്കുന്ന ചിലരാണെന്നും ആരോപണമുണ്ട്. ചുരുക്കത്തിൽ ശബ്ദരേഖയും രാജിയും കൊണ്ട് ഈ അധ്യായം അവസാനിക്കില്ലെന്ന് ഉറപ്പ്. 

ENGLISH SUMMARY:

KPCC forced Thiruvananthapuram DCC President Palode Ravi to resign after an audio leak where he predicted a Left return to power and criticized Congress. The party expelled Vamanapuram block general secretary Pullampara Jaleel, who recorded the controversial phone conversation.