ആർ.എസ്.എസ് ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ കേരളത്തിൽ നിന്നുള്ള നാല് വിസിമാർ പങ്കെടുത്ത നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.കേരള സര്‍വകലാശാല , കണ്ണൂര്‍, കാലിക്കറ്റ്, കുഫോസ് വിസിമാരാണ് ആർ.എസ്.എസ് വേദിയിലെത്തിയത്. കേരളത്തിലെ മത നിരപേക്ഷ വിദ്യാഭ്യാസ അന്തരീക്ഷം തകർക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഇതിനുള്ള ഏജൻ്റുമാരായി കേരളത്തിലെ വിസിമാരെ മാറ്റുകയാണ്.

ആർ.എസ്.എസിൻ്റെ നാഗ്പൂർ ആസ്ഥാനത്ത് നിന്നല്ല വൈസ്ചാൻസലർ മാർക്ക് ശമ്പളം ലഭിക്കുന്നതെന്ന് ഓർമ്മ വേണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വിമർശിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ മൗനാനുവാദം നൽകുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. 

ഗവർണറെ തൃപ്തിപ്പെടുത്തുക വഴി കാവി വത്കരണത്തിനുള്ള വഴി വെട്ടുകയാണ് സർക്കാർ. പരിപാടിയിൽ പങ്കെടുക്കുന്നതിന് വൈസ് ചാൻസലർമാരെ വിലക്കിയിട്ടില്ലന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ഇത് ശരി വെക്കുന്നതാണെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. 

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളെ കെ.എസ്.യു ശക്തമായി പ്രതിരോധിക്കുമെന്നും ഗവർണർ - സർക്കാർ നാടകം തുറന്നു കാട്ടുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ENGLISH SUMMARY:

KSU protest erupts as four Kerala Vice Chancellors attend an RSS national education summit, drawing strong condemnation from KSU State President Aloysius Xavier. KSU alleges a concerted effort to saffronize higher education and vows to resist such agendas, criticizing the Higher Education Minister and the Governor-government dynamic.