palode-raviresign

പാര്‍ട്ടിക്കെതിരെ വിവാദപ്രസ്താവന നടത്തിയ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി രാജി വച്ചു. എല്‍ഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്കായിമാറുമെന്നുമുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് രാജി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും സംഭാഷണത്തിനിടെ രവി പറഞ്ഞിരുന്നു. 

Also Read: ‘കോൺഗ്രസ് എടുക്കാച്ചരക്കാകും, എൽഡിഎഫിന് തുടർഭരണം ലഭിക്കും’; പാലോട് രവിയുടെ സംഭാഷണം ഇങ്ങനെ...


പ്രാദേശിക നേതാവ് പുല്ലമ്പാറ ജലീലുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. അതേസമയം, താന്‍ പ്രാദേശിക നേതാവിനെ താക്കീത് ചെയ്യുകയായിരുന്നുവെന്നും സംഭാഷണം പുറത്തുവിട്ട ജലീലിനെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു പാലോട് രവിയുടെ വിശദീകരണം. തൊട്ടുപിന്നാലെ കടുത്ത അതൃപ്തിയുമായി കെപിസിസി രംഗത്തെത്തി. വിഷയം എഐസിസിയെ അറിയിച്ചിട്ടുണ്ടെന്ന കെ.പി.സിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നേരത്തെ നല്‍കിയിരുന്നു. 

പാര്‍ട്ടിയെ വെട്ടിലാക്കിയ പ്രതികരണത്തിന് പുറമേ മാധ്യമങ്ങളോട് സംസാരിച്ച് പാലോട് വിവാദം കൂടുതല്‍ വഷളാക്കിയെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാലുവാരിയെന്ന് ആരോപിച്ച് പി.എസ്.പ്രശാന്ത് പാര്‍ട്ടി വിട്ടപ്പോഴും സംരക്ഷണം ലഭിച്ച പാലോട് രവിക്ക് ഈ വിവാദത്തില്‍ കവചം ഒരുക്കിയില്ല. ​ഇതാദ്യമായിട്ടല്ല, പാലോട് പാര്‍ട്ടിയെ വെട്ടിലാക്കുന്നത്. മുന്‍പ് ദേശീയഗാനം തെറ്റായി ആലപിച്ചും പാര്‍ട്ടിയെ നാണക്കേടിലാക്കിയിരുന്നു . 

പാലോട് രവിയുടെ സംഭാഷണം ഇങ്ങനെ 

‘പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോൺഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും', പാലോട് രവി പറയുന്നു. മുസ്ലിം സമുദായങ്ങള്‍ വേറെ പാര്‍ട്ടിയിലേക്കും കുറച്ചുപേര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്കും പോകും. കോൺഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാച്ചരക്കായി മാറുമെന്നും പാലോട് രവി പറഞ്ഞു.  

ENGLISH SUMMARY:

Palode Ravi, Thiruvananthapuram DCC President, has resigned following a controversial audio recording where he predicted the Congress party's downfall. This resignation comes amidst strong party displeasure and a history of similar controversies.