KOZHIKODE 13th September 2011 :CPM - Opposition leader VS Achuthanandan addressing a public convention , organised by the DYFI and SFI at Muthalakulam , in connection West Hill Engineering College student Nirmal Madhavan issue / Photo: T Prasanth Kumar , CLT #
ജീവിച്ചിരുന്നുവെങ്കില്‍ വിപ്ലവലോകത്തിലെ നിത്യതാരകം ചെ ഗവാര വിഎസിന്‍റെ ജൂനിയറായിരുന്നേനെ. ആലപ്പുഴക്കാരന്‍ വി.എസ് അച്യുതാനന്ദന്‍ ജനിച്ചത് 1923 ഒക്ടോബറിലെങ്കില്‍ അര്‍ജന്‍റീനയിലെ റൊസാരിയോയില്‍ ചെ ജനിക്കുന്നത് അഞ്ചുകൊല്ലം കഴിഞ്ഞ് 1928 മേയില്‍. മെഡിക്കല്‍ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് തന്‍റെ ഇരുപതുകളുടെ പകുതിയിലാണ് ചെ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. വി.എസ് പക്ഷേ ടീനേജില്‍ തന്നെ തീപിടിച്ച തിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചു. പതിനേഴാം വയസ്സില്‍ പാര്‍ട്ടി കാര്‍ഡ് സ്വീകരിച്ച വി.എസ് വാരിക്കുന്തം മിനുക്കി പുന്നപ്ര വയലാര്‍ പോരാട്ടത്തിനൊരുങ്ങുമ്പോള്‍ പ്രായം 23. ബൊളിവിയന്‍ ദൗത്യത്തില്‍ മുപ്പത്തൊമ്പതാം വയസില്‍ ജ്വലിച്ചടങ്ങിയ ചെയുടെ കമ്യൂണിസ്റ്റ് ജീവിതം ഹ്രസ്വമായിരുന്നു. വിഎസിന്‍റേത് ലോക കമ്യൂണിസ്റ്റ് ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വണ്ണം ദീര്‍ഘമായതും.
Also Read: സംസ്ഥാനത്ത് നാളെ പൊതു അവധി; ബസ് സമരം പിൻവലിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം
കാസ്ട്രോയും വിഎസും
2016 തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി.എസിനൊരു പദവി നല്‍കി. 'കേരള കാസ്ട്രോ'. അധികാരത്തില്‍ നിന്ന് മാറിയിട്ടും ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാര്‍ഗദീപമായി തുടര്‍ന്ന ഫിദലിനെപ്പോലെയാണ് മുഖ്യമന്ത്രിയല്ലെങ്കിലും സിപിഎമ്മിന് വി.എസ് എന്നാണ് യെച്ചൂരി ഉദ്ദേശിച്ചത്. അതുകേട്ട് യെച്ചൂരിയുടെ തൊട്ടടുത്ത് വലിഞ്ഞുമുറുകിയ മുഖവുമായിരുന്ന വി.എസ് ഒന്നും മിണ്ടിയിരുന്നില്ല. സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന ഒരൊറ്റ യൂണിറ്റുണ്ടായിരുന്നെങ്കില്‍ അവിടെ തന്‍റെ ജൂനിയറാകുമായിരുന്ന ഫിദലുമായിട്ടാണോ തന്നെ താരതമ്യം ചെയ്യുന്നതെന്ന് വിഎസ് പരിഭവിച്ചു കാണുമോ?
ഫിദല്‍ അവതരിച്ചത് വി.എസ് ജനിച്ച് മൂന്ന് കൊല്ലത്തിന് ശേഷം. ഹവാനയിലെ നിയമ പഠനത്തിനൊപ്പം ഫിദല്‍ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം പയറ്റിത്തുടങ്ങുമ്പോള്‍ ഇങ്ങ് കുട്ടനാട്ടില്‍ വിഎസ് 'അമേരിക്കന്‍ മോഡല്‍ അറബിക്കടലിലെന്ന്' മുദ്രാവാക്യം മുഴക്കി സിപിയുടെ പട്ടാളത്തിനു മുന്നില്‍ നെഞ്ചുവിരിച്ച് നില്‍ക്കുകയാണ്. സിപിഎമ്മില്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് വിഎസ് എണ്‍പത്തിരണ്ടാം വയസില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായ അതേവര്‍ഷം, 2006ല്‍, പ്രസിഡന്‍റിന്‍റെ ചുമതലകള്‍ സഹോദരന്‍ റൗള്‍ കാസ്ട്രോക്ക് കൈമാറിക്കൊണ്ട് ഫിദല്‍ പടിയിറക്കത്തിന് തുടക്കമിടുകയായിരുന്നു.
Also Read: ഇളവെയിലു കായലും, യോഗയും വരാലും; വി.എസിന്‍റെ പ്രിയങ്ങള്‍
ചോദിച്ചവരോട് അദ്ദേഹം കാരണം പറഞ്ഞു, പ്രായം 80 ആയില്ലേ. പത്തുവര്‍ഷം കൂടി യെച്ചൂരി പറഞ്ഞ മാര്‍ഗനിര്‍ദേശക റോളില്‍ ജീവിച്ച് 2016ല്‍ കാസ്ട്രോ മണ്‍മറയുമ്പോള്‍, വിഎസ് കേരളത്തില്‍ ഭരണ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍റെ റോളില്‍ സജീവം. അതേ വര്‍ഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിലെ സ്റ്റാര്‍ ക്യാപയിനര്‍. മലമ്പുഴ എം.എല്‍.എ.
കാസ്ട്രോയും വിഎസും ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ല. സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധവുമായി ലോകത്തെ പ്രചോദിപ്പിച്ച കാസ്ട്രോ വിഎസിനും ആവേശമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ തന്നെ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രതിനിധി സംഘത്തോട് വിഎസ് അറിയാവുന്ന ഇംഗ്ലീഷില്‍ ആവര്‍ത്തിച്ചു ചോദിച്ചു ' നിങ്ങള്‍ ഫിദലിനെ പല തവണ വധിക്കാന്‍ ശ്രമിച്ചവരല്ലേ' സായിപ്പിന്‍റെ മുന്നില്‍ മറക്കുന്ന കവാത്തല്ല വിഎസിന്‍റെ സാര്‍വദേശീയ കമ്യൂണിസ്റ്റ് സാഹോദര്യം.
ആയുസിന്‍റെ ബലം
കേരളത്തിലെ മുന്‍നിര കമ്യൂണിസ്റ്റ് നേതാക്കളില്‍ ഗൗരിയമ്മ മാത്രമാണ് നൂറ്റാണ്ട് പിന്നിട്ട ആയുസിന്‍റെ ഉടമ. മരിക്കുമ്പോള്‍ പ്രായം 102. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും അധികാര സ്ഥാനങ്ങളില്‍ നിന്നും നേരത്തേ വിടുതല്‍ വാങ്ങിയ ഇഎംഎസ് ചരിത്രമായത് എണ്‍പത്തൊമ്പതാം വയസില്‍. പ്രസന്നമായ ചിരി ബാക്കിയാക്കി ഇകെ നായനാര്‍ ഓര്‍മയാകുമ്പോള്‍ പ്രായം എണ്‍പത്തഞ്ച്. ദേശീയ രാഷ്ട്രീയം എകെജിയുടെ സാന്നിദ്ധ്യം ഏറ്റവും ആവശ്യപ്പെടുന്ന ഒരു സമയത്ത്, അടിയന്തരാവസ്ഥക്കാലത്ത്, ആയിരുന്നു എകെജി മണ്‍മറയുന്നത്. പ്രായം 73 മാത്രം.
അങ്ങനെ നോക്കിയാല്‍ പ്രസ്ഥാനത്തിന്‍റെ ഏറ്റവും വലിയ നഷ്ടം സഖാവ് പി.കൃഷ്ണപിള്ള ജീവിക്കാതെ പോയ കമ്യൂണിസ്റ്റ് വര്‍ഷങ്ങളാണ്. പാമ്പുകടിയേറ്റ് സഖാവ് മരിക്കുമ്പോള്‍ പ്രായം എത്രയെന്നോ. വെറും 42. അതിനുമുമ്പുള്ള ഹൃസ്വമായ കാലത്ത് കൃഷ്ണപിള്ള ചെയ്ത സംഭാവനകളും അത് പിന്നീട് പാര്‍ട്ടിക്ക് ഈടുവയ്പ്പായതും പറഞ്ഞു തീര്‍ക്കാന്‍ ദീര്‍ഘമായ സമയം തന്നെ വേണം. അച്യുതാനന്ദനിലെ കമ്യൂണിസ്റ്റിനെ കണ്ടെത്തിയതും കൃഷ്ണപിള്ള പാര്‍ട്ടിക്ക് നല്‍കിയ സേവനങ്ങളിലൊന്ന്.
എട്ടരപതിറ്റാണ്ട് കമ്യൂണിസ്റ്റ്
പതിനേഴാം വയസില്‍ പാര്‍ട്ടിയംഗത്വം നേടിയ വിഎസ്, മരിക്കുന്ന 102ാം വയസില്‍ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാണ്. അതായത് 85 വര്‍ഷത്തെ കമ്യൂണിസ്റ്റ് അംഗത്വം. 2019 ഒക്ടോബർ 24 മുതലാണ് വിഎസ് പൂർണ വിശ്രമത്തിലായത്. എന്നുവച്ചാല്‍ എണ്‍പത് വര്‍ഷത്തിനടുത്ത് സജീവമായ പാര്‍ട്ടി ജീവിതം. അതില്‍ ഒളിവുകാലവും ജയില്‍ വാസവും സായുധപോരാട്ടവും പാര്‍ലമെന്‍ററി പ്രവര്‍ത്തനവും സംഘടനാ ചുമതലകളും എല്ലാം വരും.
* 34ാം വയസില്‍ ജില്ലാ സെക്രട്ടറി
* 35ാം വയസില്‍ ദേശീയ കൗണ്‍സില്‍
* 41ാം വയസില്‍ സിപിഎമ്മിലേക്ക്
* 44ാം വയസില്‍ ആദ്യമായി എം.എല്‍.എ
* 57ാം വയസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി
* 82ാം വയസില്‍ മുഖ്യമന്ത്രി
* അവസാനം മല്‍സരിക്കുമ്പോള്‍ 92 വയസ്സ്
* 97 വയസു വരെ എം.എല്‍.എ
ഇതുപോലൊരു രാഷ്ട്രീയം ജീവിതം വേറെയാര്‍ക്കുണ്ട്? ഇനിയാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും?
ആയുസും ആരോഗ്യവും ഒരാളുടെ തീരുമാനമല്ല. രാഷ്ട്രീയത്തില്‍ ആരും നേരത്തേ റിട്ടയര്‍ ചെയ്യാനോ വിടവാങ്ങാനോ ആഗ്രഹിക്കാറുമില്ല. കൂടുതല്‍ കാലം ജീവിച്ചിരുന്നു എന്നതുകൊണ്ട് കൂടുതല്‍ സംഭാവനകള്‍ നല്‍കണമെന്നില്ല. ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം ദീര്‍ഘായുസ് കിട്ടണമെന്നില്ല. ആയുര്‍രേഖ നീണ്ടെന്നു കരുതി മാത്രം സജീവമായിരിക്കാനുള്ള ശേഷിയും ജനപിന്തുണയും ഉണ്ടാകണമെന്നുമില്ല. വിഎസിന് ഇതെല്ലാം ഒത്തുവന്നു. അത്യപൂര്‍വമായ ഒരു ഒത്തുവരവ്. അതും അതിസാഹസിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഫലമായി തന്‍റെ ഇരുപതുകളില്‍ തന്നെ രക്തസാക്ഷിയാകാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും. എസ്.ഹരീഷിന്‍റെ ആഗസ്ത് 17 എന്ന നോവലില്‍ വിഎസ് അച്യുതാനന്ദന്‍ ചെറുപ്പത്തിലേ മരിച്ചു പോകുന്ന കഥാപാത്രമായത് അങ്ങനെയാണ്.
Also Read: ചാരേ ചെന്ന് ആരായാൻ.... വി.എസിന്‍റെ യാത്രകൾ
കള്ളന് നന്ദി
ലോകത്തെ സകല കള്ളന്‍മാരെയും കയ്യാമം വച്ച് കല്‍ത്തുറുങ്കിലടക്കുമെന്ന് പ്രസംഗിക്കാറുള്ള വിഎസ് ഒരു കള്ളന്‍റെ കാര്യം മാത്രം സ്നേഹബഹുമാനങ്ങളോടെ പറയും. കള്ളന്‍ കോലപ്പന്‍. പൊലീസ് മര്‍ദനത്തില്‍ മരിച്ചുപോയെന്ന് കരുതി ഉപേക്ഷിക്കാന്‍ കൊണ്ടുപോയ തന്‍റെ ശരീരത്തില്‍ ജീവനുണ്ടെന്ന് കണ്ടെത്തിയ കള്ളന്‍ കോലപ്പന്‍. ആ കള്ളന്‍റെ ഇടപെടലാണ് വിഎസിന്‍റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് കാരണമായത്. അന്ന് മരണം കണ്ട് വി.എസ് തിരിച്ചു വന്നത് സമാനതകളിലാതെ ദീര്‍ഘമായ ഒരു കമ്യൂണിസ്റ്റ് ജീവിതത്തില്‍ നായകനാകാനായിരുന്നു. നീണ്ട കാലത്തേക്ക് ആ കമ്യൂണിസ്റ്റിനെ കേരളത്തിന് കിട്ടിയതിന് ആ കള്ളനോട് കടപ്പാടുള്ളവരാകണം നമ്മള്‍.