എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിദ്വേഷ പരാമര്‍ശങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. പരാമര്‍ശം തള്ളാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും വെള്ളാപ്പള്ളിയെ ഇളക്കി വിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സമസ്ത നേതാവ് നാസര്‍ഫൈസി കൂടത്തായി. സ്കൂള്‍ സമയ മാറ്റം മത സംഘടനകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണെന്നും ഓണം– ക്രിസ്മസ് അവധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സ്കൂള്‍ സമയ മാറ്റത്തില്‍ ഉചിതമായ തീരുമാനം വേണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം മനോരമന്യൂസിനോട് വ്യക്തമാക്കി.
മത പണ്ഡിതന്‍മാര്‍ ഭരണത്തില്‍ ഇടപെടുന്നുവെന്നും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താന്‍ പറയാനുള്ളത് പറയുമെന്നുമായിരുന്നു വെള്ളാപ്പള്ളി തന്‍റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് ശേഷവും പ്രതികരിച്ചത്. തനിക്ക് രാഷ്ട്രീയ മോഹങ്ങളില്ലെന്നും ജീവനോടെ കത്തിച്ചാലും പറയാനുള്ളത് പറയുമെന്നും മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്നാണെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെ എന്നും പിണറായി വിജയന് ശേഷം ഈഴവനായ ഒരാള്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ സാധ്യത കാണുന്നില്ലെന്നുമായിരുന്നു തുടര്‍ന്നുള്ള പരാമര്‍ശങ്ങള്‍.
എസ്എന്‍ഡിപി യോഗം കൊച്ചി യൂണിയന്‍ സംഘടിപ്പിച്ച ആദരിക്കല്‍ പരിപാടിയിലാണ് വെള്ളാപ്പള്ളി നിലപാട് ആവര്‍ത്തിച്ചത്. ഈഴവരുടെ ഭൂമി ന്യൂനപക്ഷങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്നും ഭൂരിപക്ഷങ്ങള്‍ക്ക് നാട്ടില്‍ ഒന്നുമില്ലെന്നും താന്‍ സമൂഹിക നീതിക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി വിശദീകരിക്കുകയും ചെയ്തു.
വെള്ളാപ്പള്ളി പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്നും ഇത് ഉത്തരേന്ത്യ അല്ലെന്നുമായിരുന്നു ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. സമൂഹത്തില്‍ സ്പര്‍ധ വരാനിടയാക്കുന്ന വാക്കുകളാണ് വെള്ളാപ്പള്ളിയുടേതെന്നും ഇങ്ങനെ പറയാമോ എന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യമുയര്‍ത്തി. വിവാദ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പിണറായിയുടെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണം.
അതേസമയം, വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനയില്‍ സിപിഎം ആശയക്കുഴപ്പത്തിലാണ്. നടത്തിയത് വിദ്വേഷ പരാമര്‍ശമാണെന്ന് തിരിച്ചറിയുമ്പോഴും അതിനെ തുറന്നെതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി. അതുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ പേര് പറയാതെ എസ്.എന്‍.ഡി.പി മതനിരപേക്ഷത ഉയര്‍ത്തപ്പിടിക്കണമെന്ന പ്രസ്താവന സിപിഎം സെക്രട്ടറിയേറ്റ് ഇറക്കിയത്. പാര്‍ട്ടിയുമായി സഹകരിക്കുന്ന കാന്തപുരം വിഭാഗത്തിനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ അത് പരമ്പരാഗതമായി കിട്ടുന്ന ന്യൂനപക്ഷ വോട്ടുകളെക്കൂടി അകറ്റുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.. ലോക്സഭ തിരിഞ്ഞെടുപ്പില്‍ അടിസ്ഥാന ഈഴവ വോട്ടുകളിലുണ്ടായ ചോര്‍ച്ചയടക്കാന്‍ സമുദായ നേതാവായ വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്തേണ്ടതിന്‍റെ അനിവാര്യത മറുവശത്തുമുണ്ട്.