നിലമ്പൂരിലെ വിജയത്തിൽ മതിമറന്ന് അമിത ആത്മവിശ്വാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടരുതെന്ന് രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ എ.കെ.ആൻറണി. അടച്ചിട്ട മുറിയിൽ രാഹുലും ആന്റണിയും നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും പുതിയ ടീമിന്റെ പ്രവർത്തനവും വിശദമായി ചർച്ചയായി. രാഹുലിന്റെ ഫോണിൽനിന്ന് സോണിയാ ഗാന്ധിയുമായും ആന്റണി സംസാരിച്ചു.
സഹോദരന്‍റെ മരണത്തിലെ ദുഃഖവും രേഖപ്പെടുത്താനും ആരോഗ്യാവസ്ഥ നേരിട്ട് അറിയാനുമാണ് ഗാന്ധി കുടുംബത്തിന്‍റെ ഏറ്റവും അടുത്ത വിശ്വസ്തനായ എ.കെ. ആന്‍റണിയെ കാണാൻ രാഹുൽ ഗാന്ധി ഇന്നലെ തലസ്ഥാനത്തെത്തിയത്. മുട്ടുവേദന കലശലാണെന്നും അതുകൊണ്ട് യാത്രകൾ ഒഴിവാക്കുന്നതെന്നും രാഹുലിനെ കണ്ടയുടൻ ആന്റണി പറഞ്ഞു. കണ്ടാൽ തോന്നില്ല എന്നും വിശ്രമിക്കാൻ സമയമായിട്ടില്ല എന്നും രാഹുൽ മറുപടി നൽകി. പിന്നാലെ ഒപ്പമുണ്ടായിരുന്ന മുതിർന്ന നേതാക്കളെ എല്ലാം മാറ്റി, ആൻറണിയും രാഹുലും മാത്രം ചർച്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ആയിരുന്നു രാഹുൽ ആരാഞ്ഞത്. നിലമ്പൂരിലെ വിജയം വലിയ ഊർജ്ജം പകർന്നിട്ടുണ്ടെങ്കിലും അതിൽ മതിമറന്ന് മുന്നോട്ട് പോയാൽ അടിതെറ്റുമെന്ന് ആൻറണി മുന്നറിയിപ്പ് നൽകി. ബിജെപി - സിപിഎം ധാരണ ഉണ്ടെന്നും വ്യക്തമായ പദ്ധതിയോടെ നീങ്ങണമെന്നും ആൻറണിയുടെ ഉപദേശം. തെരഞ്ഞെടുപ്പിന് നേരത്തെ സജ്ജമാകണമെന്നും ആൻറണി പറഞ്ഞു. KPCC പുതിയ ടീം എങ്ങനെയുണ്ടെന്നായി അടുത്ത ചോദ്യം. നല്ല ടീമാണെന്ന് ആൻറണി സർട്ടിഫിക്കറ്റ് നൽകി. കൂടിക്കാഴ്ചയ്ക്കിടെ രാഹുൽ സ്വന്തം ഫോണിൽ നിന്ന് സോണിയ ഗാന്ധിയെ വിളിച്ച് ലൗഡ് സ്പീക്കറിൽ ഇട്ടു. ആന്‍റണിയുടെ ആരോഗ്യാവസ്ഥ തിരക്കിയ സോണിയയും രാഷ്ട്രീയ സാഹചര്യം വിശദമായി ചോദിച്ചറിഞ്ഞു. തിരഞ്ഞെടുപ്പിൽ മാസങ്ങൾ മാത്രം ശേഷിക്കെ പ്രവർത്തകസമിതിയിലെ ഏറ്റവും മുതിർന്ന അംഗം കൂടിയായ ആൻറണിയിൽ നിന്ന് പ്രോഗ്രസ്സ് റിപ്പോർട്ട് വാങ്ങിയാണ് രാഹുൽ മടങ്ങിയത്. ആര് നയിക്കും എന്നതിനെ ചൊല്ലി പാർട്ടിക്കുള്ളിൽ നിശബ്ദ വടംവലി തുടരുമ്പോൾ ഒരു കാര്യം വ്യക്തമാവുകയാണ് അക്കാര്യത്തിലും ആൻറണിയുടെ ശബ്ദമായിരിക്കും നിർണായകം.