vd-satheesan-against-veena-george

തേവലക്കരയിലെ മിഥുന്റെ മരണത്തിൽ മന്ത്രി ജെ ചിഞ്ചുറാണിയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തേവലക്കരയിലേത് ഗുരുതരമായ വീഴ്ചയാണെന്നും, ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രി സൂംബാ ഡാൻസ് കളിച്ചെന്നും ഇവർക്കൊന്നും മനസ്സാക്ഷിയില്ലേയെന്നും സതീശൻ ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുഴപ്പമാണെന്നതാണ് പുതിയ കണ്ടുപിടുത്തമെന്നും, എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും വി.ഡി. സതീശൻ കോട്ടയത്ത് പറഞ്ഞു.

അതേസമയം മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി മാപ്പ് പറഞ്ഞു. പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. ഷോക്കേറ്റതിൽ അധ്യാപകരെ കുറ്റം പറയാനാകില്ലെന്നും കുട്ടി കെട്ടിടത്തിന് മുകളിൽ വലിഞ്ഞുകയറിയെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ഈ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയർന്നപ്പോഴാണ് മന്ത്രി പരസ്യമായി മാപ്പ് പറഞ്ഞത്. കെ.എസ്.ഇ.ബി.യുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും സമ്മതിച്ചു.

മിഥുന്റെ മരണത്തിന് കാരണം അധികൃതരുടെ വീഴ്ചയും നിരുത്തരവാദപരമായ പെരുമാറ്റവുമാണെന്ന് ബാലാവകാശ കമ്മീഷൻ പ്രതികരിച്ചു. രാവിലെ സ്കൂളിൽ എത്തിയ ബാലാവകാശ കമ്മീഷൻ വകുപ്പുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. മിഥുന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എങ്ങനെ ഫിറ്റ്നസ് കിട്ടി എന്നുള്ളതിൽ സമഗ്ര അന്വേഷണവും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ ഷോക്കേറ്റ് മരണത്തെക്കുറിച്ച് ആവർത്തിച്ച് ചോദിച്ചെങ്കിലും ഡൽഹിയിലെത്തിയ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറായില്ല.

ENGLISH SUMMARY:

Opposition leader VD Satheesan strongly criticized Minister J Chinchu Rani for her remarks following the electrocution death of student Mithun in Thevalakkara, accusing her of blaming the child and lacking conscience. The minister later apologized, calling her comment inappropriate. Meanwhile, the Kerala Child Rights Commission and the Electricity Minister acknowledged administrative failures and called for a criminal investigation into those responsible.