ആർഎസ്എസും സിപിഎമ്മും ജനങ്ങളെക്കുറിച്ച് ചിന്തിക്കാത്തവരാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇരുകൂട്ടരെയും താൻ ആശപരമായി നേരിടുന്നുവെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഉമ്മൻ ചാണ്ടി വ്യക്തിമാത്രമല്ല കേരള രാഷ്ട്രീയത്തിന്റെ ആവിഷ്ക്കാരമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ആൾക്കൂട്ടത്തെ തനിച്ചാക്കി ഉമ്മൻ ചാണ്ടി ബഹുദൂരം പോയിട്ട് രണ്ടാണ്ട്. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ രാഹുൽ ഗാന്ധി അടക്കം നേതാക്കളും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി.
കെപിസിസിയുടെ ആഭിമുഖ്യത്തിലെ ഉമ്മൻ ചാണ്ടി സ്മൃതി സംഗമം രാഹുൽ ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടി തന്റെ ഗുരുവായിരുന്നുവെന്ന് രാഹുൽ. നിരവധി രാഷ്ട്രീയ ആക്രമണങ്ങളും നുണപ്രചാരണങ്ങളും നേരിട്ടപ്പോഴും ഉമ്മൻ ചാണ്ടി ആരെക്കുറിച്ചും മോശം പറഞ്ഞില്ല. സിപിഎമ്മിനെയും ആർഎസ്എസിനെയും ഒരേനുകത്തിൽക്കെട്ടി രാഹുലിന്റെ വിമർശനം.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽ ദാനവും കെപിസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച ശ്രുതിതരംഗം പദ്ധതിയുടെ തുടർച്ചയായി കെപിസിസി നടപ്പാക്കുന്ന സ്മൃതിതരംഗത്തിനും തുടക്കമായി.
യുഡിഎഫ് നേതാക്കളും സാമുദായിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ കുർബാന നടന്നു.