നവകേരള സദസിനിടയിലെ രക്ഷാപ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിലെ നടപടികൾ ഹൈക്കോടതി തടഞ്ഞു. രാഷ്ട്രീയ താല്‍പര്യമാണ് പരാതിക്ക് പിന്നിലെന്ന് കാണിച്ചുള്ള പിണറായി വിജയൻ്റെ ഹർജിയിലാണ് നടപടി. ഹർജിയിൽ പരാതിക്കാരനായ എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനും, പൊലീസിനും കോടതി നോട്ടീസ് അയച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഈ പരാമർശം അക്രമത്തിന് പ്രേരണയായി എന്നായിരുന്നു എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ സ്വകാര്യ അന്യായത്തിലെ വാദം. ഹർജി പരിഗണിച്ച എറണാകുളം സിജെഎം കോടതി പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്നും, തുടർനടപടികൾക്കായി ഗവർണറുടെ പ്രോസിക്യൂഷന്‍ അനുമതി ഹാജരാക്കണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഇടപെടൽ. സി.ജെ.എം കോടതിയിലെ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി, ഹര്‍ജിയില്‍ മുഹമ്മദ് ഷിയാസിനും, പൊലീസിനും നോട്ടീസയച്ചു.
രക്ഷാപ്രവർത്തന പരാമർശത്തിന് മുഹമ്മദ് ഷിയാസ് സാക്ഷിയല്ലെന്നും, സ്വകാര്യ അന്യായത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്നുമാണ് പിണറായി വിജയന്റെ വാദം. ഹർജി എറണാകുളം CJM കോടതികയുടെ അധികാര പരിധിയിലല്ല. അക്രമസംഭവങ്ങളുമായി തൻ്റെ പരാമർശത്തെ ബന്ധിപ്പിക്കാന്‍ തെളിവുകളില്ല. CJM കോടതി ഉത്തരവ് മനസ്സര്‍പ്പിച്ചല്ല. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയതെന്നുമാണ് പിണറായി വിജയന്റെ വാദം.