കേരള കോൺഗ്രസ് എമ്മിനെ ചുറ്റിപ്പറ്റിയുള്ള മുന്നണിമാറ്റ വാർത്തകൾ നേതാക്കൾ നിഷേധിക്കുമ്പോഴും പാർട്ടി ചെയർമാൻ ജോസ് കെ മാണി എവിടെ മത്സരിക്കും എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാലായിൽ നിന്ന് മാറി കടുത്തുരുത്തിയിലേക്ക് ജോസ് കെ മാണി എത്തിയേക്കുമെന്നാണ് അണികൾക്കിടയിലെ ചർച്ച.
കടുത്തുരുത്തിയിൽ സയൻസ് സിറ്റി അടക്കമുള്ള പദ്ധതികൾ യാഥാർഥ്യമായതിൻ്റ തിളക്കത്തിൽ നിൽക്കുന്ന ജോസ് കെ മാണി, പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മത്സരിക്കാൻ എത്തുമോ?. പ്രവർത്തകരിലും നേതാക്കളിലും സജീവ ചർച്ചയാണ് ജോസ് കെ മാണിയുടെ എവിടെ മത്സരിക്കുമെന്നത്.
കേരള കോൺഗ്രസുകാരുടെ ഉറച്ച മണ്ണാണ് കടുത്തുരുത്തി. കെ.എം. മാണി താമസിച്ചിരുന്നത് പാലായിലാണെങ്കിലും തറവാട് ഉൾപ്പെടുന്ന മരങ്ങാട്ടുപള്ളി കടുത്തുരുത്തിയിലാണെന്ന പ്രത്യേകതയുണ്ട്. 2021 ലെ തിരഞ്ഞെടുപ്പിലും കടുത്തുരുത്തിയിൽ ആദ്യം ജോസ് കെ മാണിയുടെ പേര് ചർച്ചയായെങ്കിലും സ്റ്റീഫൻ ജോർജ് ആണ് മോൻസ് ജോസഫിനെ നേരിട്ടത്.
മോൻസ് ജോസഫിന്റെ 4200 വോട്ടിന്‍റെ ഭൂരിപക്ഷം അത്ര പ്രശ്നമല്ലെന്ന് കണക്കുകൂട്ടുന്നവരും കേരള കോൺഗ്രസ് എമ്മിൽ ഉണ്ട്. ഇതൊക്കെയാണെങ്കിലും പ്രചരിക്കുന്നതൊക്കെ ശരിയല്ലെന്ന് പറഞ്ഞൊഴിയുകയാണ് ജോസ് കെ മാണി.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളും അധികാരം പങ്കിടലുമാണ് കേരള കോൺഗ്രസ് എമ്മിന് മുന്നിലുള്ള പ്രധാന കടമ്പ.എല്ലാം നന്നായി നടന്നില്ലെങ്കിൽ മുന്നണി മാറ്റമോ, നേതാക്കളുടെ കൂറുമാറ്റമോ ഉണ്ടായേക്കാമെന്ന് കരുതുന്നവരും ഉണ്ട്.