യുഡിഎഫിലേക്ക് ഇല്ലെന്നും ഇടതുമുന്നണിയില്‍ ഹാപ്പിയാണെന്നും പ്രഖ്യാപിച്ച് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടി ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം ഞങ്ങള്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്‍റെ പ്രതികരണം
യുഡിഎഫ് വിട്ടുപോയവരെ കൂട്ടിച്ചേര്‍ത്ത് മുന്നണി വിപുലീകരിക്കുമെന്ന് അടൂര്‍ പ്രകാശും വിസ്മയപ്പെടുത്തുന്ന പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും പറഞ്ഞതോടെയാണ് എല്ലാവരുടെയും നോട്ടം കേരള കോണ്‍ഗ്രസ് എമ്മിലേക്ക് എത്തിയത്. കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും മുന്നണി മാറ്റമില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. എല്‍ഡിഎഫില്‍ ഹാപ്പിയാണെന്നും പാര്‍ട്ടി ചെയര്‍മാന്‍ വ്യക്തമാക്കി.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നിലപാട് മയപ്പെടുത്തി. ഞങ്ങള്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും സണ്ണി ജോസഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തീരുമാനം. വനംവകുപ്പിനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.