കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി  കോൺഗ്രസ് വേദിയിലെത്തും. പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന അയിഷ  കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലാണ്  പങ്കെടുക്കുന്നത്.  നാളെയാണ് പരിപാടി.  എന്നാല്‍ താന്‍ പങ്കെടുക്കുന്നത് മുന്‍ മുഖ്യമന്ത്രിയുടെ അനുസ്മരണത്തിലെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും അയിഷ പോറ്റി പ്രതികരിച്ചു. എല്ലാ രാഷ്ട്രീയകക്ഷികളെയും വിളിച്ചിട്ടുണ്ട്. പാര്‍ട്ടി കമ്മിറ്റികളില്‍ ഇപ്പോള്‍ അംഗമല്ല. 15 വര്‍ഷം തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട് . അതുകൊണ്ടാകും തന്നെപ്പറ്റി നല്ലകാര്യങ്ങള്‍ പറയുന്നത്. 

ഇപ്പോള്‍ താന്‍ ജനപക്ഷത്താണ്. ഒരു പക്ഷത്തുമില്ല. കോണ്‍ഗ്രസിലേക്ക് ആരും ക്ഷണിച്ചിട്ടില്ല. ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ അജന്‍ഡയിലില്ലെന്നും അയിഷ പോറ്റി മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, അയിഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്  പറഞ്ഞു. കോണ്‍ഗ്രസിലേക്ക് വരാന്‍ തയാറായാല്‍ സ്വാഗതംചെയ്യും. ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് മനോരമ ന്യൂസിനോട് വ്യക്തമാക്കി. 

അയിഷ പോറ്റി കുറച്ചു നാളുകളായി സജീവരാഷ്ട്രീയത്തിലില്ല. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ 3 തവണ പ്രതിനിധീകരിച്ച അയിഷ പോറ്റിയെ സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണ് 66 വയസ്സുകാരിയായ അയിഷ പോറ്റി ഇപ്പോൾ.

2006ൽ മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയെ തോൽപിച്ചായിരുന്നു കൊട്ടാരക്കരയിൽ അയിഷ പോറ്റിയുടെ ആദ്യ ജയം. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. എംഎൽഎ കാലാവധി കഴിഞ്ഞ ശേഷം പാർട്ടി കമ്മിറ്റികളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അയിഷ പോറ്റി ഒഴിഞ്ഞു നിൽക്കുകയാണെന്നാണ് ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനു പാർട്ടി നേതൃത്വം നൽകുന്ന വിശദീകരണം. 

ആരോഗ്യ പ്രശ്നങ്ങൾ കാരണം കമ്മിറ്റികളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നു കാട്ടി അയിഷ പോറ്റി കത്തു നൽകിയിരുന്നതായും ഇതും കണക്കിലെടുത്താണ് ഒഴിവാക്കിയതെന്നും പാർട്ടി നേതൃത്വം വിശദീകരിക്കുന്നു. എന്നാൽ പാർട്ടി നേതൃത്വവുമായുള്ള ഭിന്നത കാരണം അയിഷ പോറ്റി മനഃപൂർവം വിട്ടു നിൽക്കുകയാണെന്നാണു വിവരം. 

ENGLISH SUMMARY:

Former Kottarakkara MLA Aisha Potty will attend the Congress stage