ചിത്രം മനോരമ (രാഹുല്‍ ആര്‍.പട്ടം)
സിപിഐ സംസ്ഥാന സെക്രട്ടറിയായ തനിക്കെതിരെ ആക്ഷേപ പരാമർശം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് പാര്‍ട്ടിയുടെ ദയാദാക്ഷിണ്യത്തിലാണെന്ന് ബിനോയ് വിശ്വം. സെക്രട്ടറിയെ ആക്ഷേപിച്ച നേതാക്കൾ സിപിഐയിൽ എന്നല്ല ഒരു പാർട്ടിയിലും ഇരിക്കാൻ യോഗ്യരല്ലെന്നും സംസ്ഥാന കൗൺസിലിലെ ചർച്ചയ്‌ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ആണ് ബിനോയ് വിശ്വത്തെ ആക്ഷേപിക്കുന്ന നേതാക്കളുടെ ശബ്ദരേഖ പുറത്തുവിട്ടത്.
സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കമലാ സദാനന്ദന്‍റെയും എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരന്‍റെയും ഈ വിവാദ ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിട്ട് ഒരുമാസം കഴിയുമ്പോഴും അതിന്‍റെ അലയൊലികൾ സിപിഐയിൽ അവസാനിക്കുന്നില്ല. ഇന്നലെ സംസ്ഥാന കൗൺസിൽ യോഗത്തിൽ വി.പി ഉണ്ണികൃഷ്ണനായിരുന്നു വിവാദ ശബ്ദരേഖ വിഷയം ഉന്നയിച്ചത്. ചർച്ചകൾക്ക് മറുപടി പറയവേ വിഷയത്തിൽ തനിക്കുള്ള അമർഷം സെക്രട്ടറി മറച്ചു വച്ചില്ല. പാർട്ടിയുടെ ദയാദക്ഷിണ്യത്തിലും വിശാല മനസ്ക്‌തയിലുമാണ് രണ്ട് നേതാക്കളും ഇവിടെ ഇരിക്കുന്നത് എന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.
വിവാദ ശബ്ദരേഖയില്‍ ഇരുനേതാക്കളും നേരത്തെ പാർട്ടിയിൽ മാപ്പ് പറഞ്ഞിരുന്നു. തുടർന്ന് താക്കീത് ചെയ്ത് ഇരുവർക്കും എതിരെയുള്ള നടപടി അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതോടെ വിവാദമൊഴിഞ്ഞെന്ന് കരുതിയെങ്കില്‍ തെറ്റാണെന്നാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം സൂചിപ്പിക്കുന്നത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കമല സദനന്ദന്‍റെയും കെ.എം. ദിനകരന്‍റെയും പാർട്ടിയിലെ ഭാവി അത്ര ശോഭനമാകില്ല എന്ന സൂചനയും സെക്രട്ടറിയുടെ വാക്കുകൾ നൽകുന്നുണ്ട്.