ദേശീയ നിർവാഹകസമിതി മുൻ അംഗവും മുൻമന്ത്രിയുമായ കെ.ഇ.ഇസ്മായിലിന്റെ അംഗത്വം പുതുക്കും. പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്‍റ ആവശ്യം തള്ളിയാണ് സംസ്ഥാന നിര്‍വാഹക സമിതിയുടെ നിര്‍ദേശം. ആറുമാസത്തേയ്ക്കാണ് ഇസ്മായിലിനെ സസ്പെന്‍ഡ് ചെയ്തത്.
മുൻ എംഎൽഎയും എറണാകുളം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.രാജുവിന്റെ മരണത്തിനു പിന്നാലെ നടത്തിയ പരസ്യ പ്രതികരണത്തിന്റെ പേരിലായിരുന്നു നടപടി. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലെ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്ന രാജുവിന്റെ ആവശ്യത്തിൽ തീരുമാനം ഉണ്ടാകുന്നതിനു മുൻപായിരുന്നു അദ്ദേഹത്തിന്റെ മരണം. തുടർന്ന് പാർട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കുന്നതിനെയും എതിർത്തു. കുടുംബത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്നു സ്ഥിരീകരിക്കുന്ന പ്രതികരണമാണ് ഇസ്മായിൽ നടത്തിയത്. ഇത് പാർട്ടിക്കെതിരെ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കിയെന്നു പാര്‍ട്ടി വിലയിരുത്തി.
കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്ന് പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കി, ഒതുങ്ങി നിൽക്കുകയായിരുന്ന ഇസ്മായിൽ വിശ്വസ്തനായിരുന്ന രാജുവിന്റെ മരണത്തിനു പിന്നാലെയാണു വീണ്ടും പോര് കടുപ്പിച്ചത്.75 വയസ്സ് പിന്നിട്ടതിനാൽ പാർട്ടിയുടെ ഒൗദ്യോഗിക സ്ഥാനങ്ങളിൽ നിന്നെല്ലാം ഒഴിവാക്കപ്പെട്ട ഇസ്മായിൽ നിലവിൽ പാലക്കാട് ജില്ലാ കൗൺസിൽ ക്ഷണിതാവ് മാത്രമാണ്.
അംഗത്വം പുതുക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമെന്നു ഇസ്മായിലില്‍ പ്രതികരിച്ചു. അംഗത്വം ഇല്ലെങ്കിലും മരണംവരെ കമ്യൂണിസ്റ്റുകാരനായിരിക്കും. പാലക്കാട് ജില്ലാകമ്മിറ്റിയുടെ എതിര്‍പ്പ് അറിഞ്ഞിരുന്നില്ല. പി.രാജുവിന്റെ കാര്യത്തില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്നും ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു.