കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തലസ്ഥാനത്തെത്തി. രാത്രി പന്ത്രണ്ടേകാലോടെ BSFന്റെ പ്രത്യേക വിമാനത്തിലാണ് അമിത് ഷാ എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ അമിത് ഷായെ സ്വീകരിച്ചു. ബി.ജെ.പിയുടെ പുതിയ സംസ്ഥാന ഓഫിസ് രാവിലെ പതിനൊന്നിന് അമിത് ഷാ ഉദ്ഘാടനം ചെയ്യും. പതാക ഉയര്‍ത്തുന്ന അദ്ദേഹം ഓഫിസിന് മുന്നിൽ വൃക്ഷത്തൈ നടും.
ഓഫിസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി.മാരാരുടെ അർധകായ വെങ്കല പ്രതിമയും അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനത്ത് വാര്‍ഡുതല നേതൃസംഗമം അമിത് ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അയ്യായിരം വാര്‍ഡ് സമിതികളിലെ 25,000 പേര്‍ നേതൃസംഗമത്തിലെത്തും. മറ്റു പത്ത് റവന്യൂ ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതല്‍ ജില്ലാ തലം വരെയുള്ള നേതാക്കളും അതാതു പഞ്ചായത്ത് ഏരിയാ തലങ്ങളില്‍ വെര്‍ച്വലായി തിരുവനന്തപുരം സമ്മേളനത്തിന്റെ ഭാഗമാകും.
ഒന്നര ലക്ഷത്തോളം പേരാണ് ഇത്തരത്തില്‍ വെര്‍ച്വലായി തിരുവനന്തപുരം സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും. നാലുമണിയോടെ കണ്ണൂരിലേക്ക് തിരിക്കുന്ന അദ്ദേഹം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഡൽഹിക്ക് മടങ്ങും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂർ തളിപ്പറമ്പിൽ രാജരാജേശ്വര ക്ഷേത്രദർശനത്തിനായി ഇന്നെത്തും. വൈകിട്ട് അഞ്ചുമണിക്കാണ് ദർശനം. മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന അമിത് ഷായ്ക്ക് വിമാനത്താവളത്തിലും തളിപ്പറമ്പിലും ബിജെപി പ്രവർത്തകർ സ്വീകരണം ഒരുക്കിയിട്ടുണ്ട്. സ്വീകരണത്തിനു ശേഷമാണ് ക്ഷേത്രദർശനം. അമിത് ഷായുടെ സന്ദർശനത്തെ തുടർന്ന് മട്ടന്നൂർ മുതൽ തളിപ്പറമ്പ് വരെയുള്ള റോഡുകളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. വിമാനത്താവള പരിസരത്തും തളിപ്പറമ്പിലും ഇന്നലെ മുതൽ തന്നെ മൂന്നു ദിവസത്തേക്ക് ഡ്രോണുകൾ, ഹോട്ട് ബലൂണുകൾ, ആളില്ല വിമാനങ്ങൾ തുടങ്ങിയവ പറപ്പിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.