എസ്.എഫ്.ഐ സമരങ്ങളെ വിമർശിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ആരോഗ്യമേഖലയിലെ വെല്ലുവിളികളും, ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന യഥാർഥ പ്രശ്നങ്ങളും ഉന്നയിക്കാൻ മടിക്കുന്ന എസ്.എഫ്.ഐ ഇപ്പോൾ നടത്തുന്നത് സെറ്റിട്ടുള്ള സമര നാടകങ്ങളാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ഫെയ്സ്ബുക്കില്‍ കുറിച്ചു.കേരള സർവ്വകലാശാലയിൽ അരങ്ങേറിയ സമരാഭാസം എന്തിന് വേണ്ടിയാണെന്നും എന്തിൽ നിന്ന് ഓടിയൊളിക്കാനാണെന്നും വ്യക്തമാണ്. എസ്എഫ്ഐയുടെ സംഘപരിവാർ വിരുദ്ധ നിലപാട് കാപട്യം നിറഞ്ഞതാണ്.
ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറായി സംഘപരിവാറുകാരനായ ഡോ.മോഹൻകുന്നുമേലിനെ വിമർശിച്ചപ്പോൾ മൗനം പാലിച്ച എസ്.എഫ്.ഐ ,കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയതിൻ്റെ പ്രത്യുപകാരമായാണ് വിചാരധാര സിലബസിൽ ഉൾപ്പെടുത്തിയതെന്നും, എസ്.എഫ്.ഐ വിഷയത്തിൽ പ്രതികരിക്കാതെ മൗനം പാലിച്ചുവെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വിമർശിക്കുന്നു.
അലോഷ്യസ് സേവ്യറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
കഴിഞ്ഞ ദിവസങ്ങളിലായി ഭരണാനുകൂല വിദ്യാർത്ഥി സംഘടന എന്തോ ഒരു പോർമുഖം തുറന്നു എന്ന തരത്തിലാണ് അവരുടെ സംസ്ഥാന നേതാക്കൾ ഉൾപ്പടെയുള്ളവരുടെ അവകാശ വാദം. കേരള വിദ്യാർത്ഥി യൂണിയൻ ഉൾപ്പടെയുള്ള പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയെയും, നേതാക്കളെയും വിമർശിക്കാനും ഇക്കൂട്ടർ പ്രത്യേകം ശ്രദ്ധിച്ചു. ഇന്നലെ കേരളാ സർവ്വകലാശാല ആസ്ഥാനത്തുൾപ്പടെ ഈ മഹാന്മാർ നടത്തിയ സമരാഭാസം എന്തിന് വേണ്ടിയെന്നും, എന്തിൽ നിന്ന് ഓടിയൊളിക്കാനായിരുന്നു എന്നും പരിശോധിക്കാം
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളം ചർച്ച ചെയ്ത വിഷയം ആരോഗ്യമേഖലയിലെ വലിയ വീഴ്ച്ചകളും, ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ സമ്പൂർണ്ണ അധപതനവും അതിലേക്ക് നയിച്ച മന്ത്രി വീണാ ജോർജ്ജിനെയും കുറിച്ചാണ്. പൊതു സമൂഹത്തിൽ നിന്ന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നപ്പോൾ ദാ വരുന്നു ഗവർണർ, മറുവശത്ത് സർക്കാരും, സിപിഎമ്മും, എസ്.എഫ്.ഐയും… പിന്നെ വെല്ലുവിളിയായി, സെറ്റിട്ടുള്ള സമരങ്ങളായി..!!
സർവ്വകലാശാലയിൽ സമരം!! CPM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തിരക്കഥയും സംഭാഷണവും സംവിധാനവും ചെയ്ത് SFI സംസ്ഥാന പ്രസിഡൻ്റും, സെക്രട്ടറിയും, കേന്ദ്ര കഥാപാത്രങ്ങളായി കേരളാ പോലീസ് നിർമ്മിച്ച നാടകം പൊതുജനത്തിന് വസ്തുത മനസ്സിലായതു മൂലം തകർന്നടിഞ്ഞു. SFI യുടെ “സമരനാടക”ത്തിന് പൂർണ്ണ പിന്തുണ നൽകിയ കേരളാ പോലീസിനെ കുറിച്ച് പറയാതിരിക്കാനുമാകില്ല.
യൂണിവേഴ്സിറ്റിയുടെ ഗേറ്റ് തുറന്നു കൊടുത്തതും, കൈ പിടിച്ച് അകത്ത് കയറ്റിയതും,അകത്ത് ഗ്രിൽ തുറന്ന് കൊടുത്തതും, ഗ്രില്ലിൽ തട്ടി പ്രവർത്തകരുടെ കൈ മുറിയാതിരിക്കാൻ സംരക്ഷണ കവചം ഒരുക്കി പൂർണ്ണ പിന്തുണ നൽകിയ പോലീസ് ഏമാന്മാരോട് എസ്.എഫ്.ഐ നേതൃത്വത്തിന് തീർത്താൽ തീരാത്ത കടപ്പാടുണ്ടാകും.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേരളാ സാങ്കേതിക സർവ്വകലാശാല, വിദ്യാർത്ഥി വിരുദ്ധമായി നടപ്പാക്കിയ ഇയർ ബാക്ക് സിസ്റ്റം പിൻവലിക്കുക, മുടങ്ങിക്കിടക്കുന്ന എല്ലാ യൂണിവേഴ്സിറ്റികളുടെയും വിസി നിയമനങ്ങൾ നിയമവിധേയമായി പൂർത്തിയാക്കുക, പ്രിൻസിപ്പാൾ നിയമനങ്ങൾ മുടങ്ങിക്കിടക്കുന്ന എല്ലാ സർക്കാർ കലാലയങ്ങളിലും ഉടൻ നിയമനം പൂർത്തിയാക്കുക, അധ്യാപക ഒഴിവുകൾ നികത്തുക, സർക്കാർ മെഡിക്കൽ കോളേജുകളോടുള്ള അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് KSU സംസ്ഥാന കമ്മിറ്റി നടത്തിയ സമരത്തെ ഏത് രീതിയിലാണ് നേരിട്ടതെന്ന് കേരളത്തിലെ പൊതുസമൂഹം കണ്ടറിഞ്ഞതാണ്. കെ.എസ്.യു തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിന്‍റെ തലയടിച്ചു പൊട്ടിച്ചതും സംസ്ഥാന ജന:സെക്രട്ടറി പ്രിയങ്കാ ഫിലിപ്പ് ഉൾപ്പെടെയുള്ള വനിതാ പ്രവർത്തകർക്ക് നേരെ ക്രൂരമായ അതിക്രമം അഴിച്ചുവിട്ടതും ഇതേ കേരള പോലീസ് തന്നെയാണ്.
എസ്എഫ്ഐയുടെ സംഘപരിവാർ വിമർശനത്തിൽ ആത്മാർത്ഥതയുണ്ടോ എന്ന് ഗൗരവകരമായി പരിശോധിക്കേണ്ടതുണ്ട്. കേരള സർവകലാശാല വൈസ് ചാൻസിലറായി സംഘപരിവാരുകാരനായ ഡോ.മോഹനൻ കുന്നുമേലിനെ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിക്കുമ്പോൾ എസ്എഫ്ഐ നേതാക്കൾ എന്തുകൊണ്ട് മൗനി ബാബമാരായി മാറി.?
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയ ശേഷമാണ് ‘വിചാരധാര' അടക്കമുള്ള ഗോൾവാൾക്കർ, സവർക്കർ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയത്. ആ ഘട്ടത്തിൽ വിഷയത്തോട് പ്രതികരിക്കാതെ ഓടി ഒളിക്കുന്ന എസ്എഫ്ഐയെയാണ് കാണാൻ സാധിച്ചത്. !
ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഡ്രസ് ചെയ്യാൻ എസ്എഫ്ഐ എന്തുകൊണ്ട് മടിക്കുന്നു ക്കുന്നു? കേരളത്തിൽ 14 സർവകലാശാലകളിൽ 13 സർവകലാശാലകളിലും വൈസ് ചാൻസറുമാരില്ല!!എസ്എഫ്ഐക്ക് മിണ്ടാട്ടവുമില്ല!!
കേരളത്തിലെ 66 ഗവൺമെന്റ് കോളേജുകളിൽ 65 ലും പ്രിൻസിപ്പാൾ മാരില്ല!! എസ്എഫ്ഐക്ക് മിണ്ടാട്ടവുമില്ല!!
കേരള സർവകലാശാലയിൽ അടുത്തകാലത്തെങ്ങും അവസാനിക്കാത്ത തരത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കി ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ ആക്കിയതിൽ എസ്എഫ്ഐക്ക് മിണ്ടാട്ടമില്ല!!
ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം 42% വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി കേരളം വിടുന്ന വിഷയത്തിലും എസ്എഫ്ഐക്ക് മിണ്ടാട്ടമില്ല!!
വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കാനുള്ള ഏത് നീക്കവും ശക്തമായ രീതിയിൽ എതിർക്കപ്പെടും. കാവിക്കൊടി ഏന്തിയ സ്ത്രീയുടെ രൂപം വെച്ച് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ പരിപാടികൾ സംഘടിപ്പിച്ചതിനെതിരെ പരിപാടിസ്ഥലത്ത് ശക്തമായ പ്രതിഷേധം ഉയർത്തിയ സംഘടനയുടെ പേര് കെ.എസ്.യു എന്നാണ്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ ഉൾപ്പെടെയുള്ള നേതാക്കളെ അതിക്രൂരമായാണ് ആർ.എസ്.എസ് പ്രവർത്തകർ മർദ്ദിച്ചത്. തൊട്ടു പിന്നാലെ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയപ്പോൾ വ്യക്തമാക്കിയ നിലപാട് ഒരിക്കൽക്കൂടി പറഞ്ഞു വെക്കുന്നു. രാജ്ഭവനെ ആർ.എസ്.എസ് ആസ്ഥാനവും സർവകലാശാലകളെ ശാഖകളും ആക്കാനുള്ള ആർലേക്കാറുടെ നീക്കങ്ങളെ എതിർക്കുക തന്നെ ചെയ്യും!!
സെറ്റിട്ടുള്ള സമര നാടകങ്ങൾ തുടർന്നോളൂ.. നിങ്ങളുടെ ഗുഡ് സർട്ടിഫിക്കറ്റ് എന്തായാലും കെ.എസ്.യുവിന് ആവശ്യമില്ല..