കേരള സര്‍വകലാശാലയിലെ എസ്.എഫ്.ഐ സമരം സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും കൃത്യമായ രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗം. ഞായറാഴ്ച ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം റദ്ദാക്കാനും റജിസ്ട്രാറെ പുറത്താക്കാനും ഗവര്‍ണര്‍ നീങ്ങുന്നുവെന്ന വിലയിരുത്തലിലാണ് സര്‍വകലാശാല ആസ്ഥാനം മണിക്കൂറുകളോളം പ്രതിഷേധയിടമായത്. വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എത്തിയതും ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി നീങ്ങാനാവില്ലെന്ന് എസ്.എഫ്.ഐ നേതൃത്വവും വ്യക്തമാക്കിയതോടെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും കനക്കുകയാണ്.
പ്രതിഷേധം കനക്കുകയും പൊലീസ് നോക്കി നില്‍ക്കുകയും ചെയ്തതിന് കൃത്യമായ കാരണമുണ്ടായിരുന്നു. ഗവര്‍ണര്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടുകയോ റജിസ്ട്രാറെ വീണ്ടും പുറത്താക്കുകയോ ചെയ്താല്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യം. പിന്തുണ അറിയിച്ച് പാര്‍ട്ടി സെക്രട്ടറിയുടെ വരവ് എസ്.എഫ്.ഐക്കാരെ ആവേശത്തിലാക്കി.
സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനാവില്ലെന്ന് എസ്.എഫ്.ഐ മുന്നറിയിപ്പ്. ഗവര്‍ണറെ തെരുവില്‍ തടയുമെന്ന് ഡി.വൈ.എഫ്.ഐ. സര്‍ക്കാര്‍ സംവിധാനങ്ങളും സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയുള്ള എസ്.എഫ്.ഐ കടന്നാക്രമണവും പിന്നിലാക്കിയത് ആശുപത്രി വിവാദവും യൂടൂബര്‍ ജോതിയുടെ കേരള സന്ദര്‍ശനം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രതിസന്ധിയും കൂടിയാണ്.