വിഭാഗീയത ഒഴിവാക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ കർശന നിർദ്ദേശത്തിൽ CPI എറണാകുളം ജില്ലാ സമ്മേനത്തിന് തയ്യാറെടുക്കുന്നു. ഈ മാസം 23 മുതൽ 25 വരെ കോതമംഗലത്താണ് ജില്ലാ സമ്മേളനം. ഫോൺ സംഭാഷണ വിവാദത്തിൽ ഉൾപ്പെട്ട ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ സമ്മേളനത്തിൽ സ്ഥാനമൊഴിയും.
വിഭാഗീയത അതിരുവിട്ട എറണാകുളത്ത് മത്സരവും, വിഭാഗീയതയും ഒഴിവാക്കാൻ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതക്കാളുടെ നിര തന്നെയുണ്ടാകും. പുതിയ ജില്ലാ സെക്രട്ടറി ആരെന്ന കാര്യത്തിൽ 15ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവിൽ ധാരണയാകും. മണ്ഡലം സമ്മേളനങ്ങളിൽ ഒരിടത്തും മത്സരമുണ്ടായില്ലെന്നത് പാർട്ടിയെ സംബന്ധിച്ച് ഗുണകരമാണ്. എല്ലാവരേയും ഉൾക്കൊള്ളാൻ തയാറായതുകൊണ്ടാണ് മത്സരത്തിന് തയാറാകാതിരുന്നത് എന്നാണ് പി. രാജു പക്ഷത്തിൻ്റെ വിശദീകരണം. അവഗണനയുണ്ടായാൽ ജില്ലാ സമ്മേളനത്തിൽ മത്സരമുണ്ടാകുമെന്ന സൂചനയും രാജുപക്ഷം നൽകുന്നു. കഴിഞ്ഞ വട്ടം 17 പേരാണ് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചത്. 24ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 300 പ്രതിനിധികൾ പങ്കെടുക്കും. വിഭാഗീയത ഒഴിവാക്കി ഒന്നിച്ചു നിൽക്കുക എന്നതാണ് സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം