യൂത്ത് കോൺഗ്രസിൽ പ്രായപരിധി 40 ആയി ഉയർത്തണമെന്ന നിർദേശം ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും തള്ളി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് വീടുനിർമിച്ചു നൽകുമെന്ന പ്രഖ്യാപനം നടപ്പിലാക്കാത്തതിൽ ക്യാംപിൽ രൂക്ഷ വിമർശനം ഉയർന്നു.
സംഘടനയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾക്കൊപ്പം യൂത്ത് കോൺഗ്രസ് -കോൺഗ്രസ് നേതൃത്വങ്ങൾക്കെതിരെ വിമർശനവും ആലപ്പുഴയിലെ യുത്ത് കോൺഗ്രസ് സംസ്ഥാന ക്യാംപിൽ ഉയർന്നു. പ്രായപരിധി 40 ആക്കി ഉയർത്തണമെന്ന നിർദ്ദേശം സംഘടനാ പ്രമേയത്തിൽ ഉയർന്നെങ്കിലും 12 ജില്ലകളിലെ പ്രതിനിധികൾ എതിർത്തതോടെ ആവശ്യം തള്ളി.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രഖ്യാപിച്ച ഭവന നിർമാണ പദ്ധതി നടപ്പാക്കാത്തതിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നു. വയനാട്ടിലെ പ്രതിനിധികൾ തുടങ്ങി വച്ച വിമർശനം മറ്റുജില്ലകളിലെ പ്രതിനിധികളും തുടർന്നു. ഇത് നാണക്കേടാണെന്നായിരുന്നു ചർച്ചയിൽ ഉയർന്ന പൊതു വികാരം. എന്നാൽ KPCC യുമായി ചേർന്ന് ഭവന പദ്ധതി നടപ്പാക്കുമെന്നായിരുന്നു സംസ്ഥാന നേതൃത്വം മാധ്യമങ്ങൾക്ക് മുന്നിൽ നൽകിയ വിശദീകരണം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഖദറിനോട് എന്താണിത്ര നീരസമെന്ന ചോദ്യവുമായി മുതിർന്ന നേതാവ് അജയ് തറയിൽ രംഗത്തുവന്നു. ഖദറും മതേതരത്വവുമാണ് കോൺഗ്രസിന്‍റെ അസ്തിത്വം. ഖദർ ഇടാതെ നടക്കുന്നതാണ് ന്യൂജൻ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. നമ്മൾ എന്തിനാണ് DYFI ക്കാരെ അനുകരിക്കുന്നതെന്നും അജയ് തറയിൽ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.