പി.വി. അൻവറിന് മുൻപിൽ യുഡിഎഫ് വാതിൽ അടഞ്ഞെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവർ കൂടി ഉണ്ടായിരുന്നെങ്കിൽ മികച്ച വിജയം ഉണ്ടാകുമായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന സാങ്കൽപ്പികമാണ്. കോൺഗ്രസിൽ അടിമുടി പുനഃസംഘടന ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ എം.പിമാരും ഡിസിസി പ്രസിഡന്റുമാരും മത്സരിക്കുന്നത് ഉൾപ്പെടെ കാര്യങ്ങൾ വിജയസാധ്യത മുൻനിർത്തിയാണ് പരിഗണിക്കുകയെന്നും സണ്ണി ജോസഫ് മനോരമന്യൂസിനോട് പറഞ്ഞു.
ഇപ്പോൾ അൻവർ വിഷയം ചർച്ച ചെയ്യേണ്ട തിടുക്കമില്ല. വാതിലിന്റെ കുറ്റിയടച്ചിട്ടില്ലെന്ന പ്രസ്താവന ചോദ്യത്തിന് ഉത്തരമായി വന്നതെന്നും സണ്ണി ജോസഫ്. ചെന്നിത്തലയുടെ അൻവർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന പ്രസ്താവന സാങ്കൽപ്പികം. അൻവർ ഇല്ലാതെ പോയത് കോൺഗ്രസിന്റെ കുറ്റം കൊണ്ടല്ല.
കോൺഗ്രസിൽ അടിമുടി പുനഃസംഘടനയില്ല. അത്യാവശ്യം വേണ്ട മാറ്റം കൊണ്ടുവരും. സ്ഥാനാർഥിനിർണയത്തിൽ ഘടകമാവുക വിജയസാധ്യതയാണ്.
എംപിമാരും മത്സരിക്കാന്‍ ഇറങ്ങിയേക്കും. ഡിസിസി പ്രസിഡന്റുമാർ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടില്ല. ശശി തരൂരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും സണ്ണി ജോസഫ്.