നിലമ്പൂർ വിജയത്തിൽ നന്ദി പറയാൻ ആര്യാടൻ ഷൗക്കത്ത് പാണക്കാടെത്തി. നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫ് തുടങ്ങി ഇടതുപക്ഷം നിർത്തിവെച്ച വികസന പദ്ധതികൾ പുനരാരംഭിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ വർഗീയവാദികളുടെ വോട്ട് നേടിയുള്ള വിജയമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതയിലുള്ള ഇ. ജയൻ പ്രതികരിച്ചു.
നിലമ്പൂരിലെ ലീഗ് നേതാക്കൾക്കൊപ്പമാണ് ആര്യാടൻ ഷൗക്കത്ത് പാണക്കാട്ടേക്ക് എത്തിയത്. എംഎൽഎമാരായ പി.കെ. ബഷീറും യു.എ. ലത്തീഫും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടവും ഒപ്പമുണ്ടായിരുന്നു.
മധുരം നൽകിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആര്യാടൻ ഷൗക്കത്തിനെയും പ്രവർത്തകരെയും സ്വീകരിച്ചത്.
പി.വി. അൻവറിനെ മറികടന്ന് ജയിക്കാനുള്ള സംഘടന സംവിധാനം നിലമ്പൂരിലുണ്ടെന്ന് നേരത്തെ യുഡിഎഫിന് അറിയാമായിരുന്നുവെന്നും അൻവറിന്റെ ആരോപണങ്ങൾക്ക് ഇനിയും മറുപടി പറയില്ലെന്നും ആര്യാടൻ ഷൗക്കത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെ എല്ലാ വർഗീയ വാദികളുടെയും വോട്ട് പിടിച്ചാണ് യുഡിഎഫ് ജയിച്ചതെന്നും ബിജെപിയിൽ നിന്നടക്കം കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചോർന്നെന്നും സിപിഎം ആരോപിച്ചു. മദ്യനിരോധന സമിതിയുടെയും നിലമ്പൂരിലെ ആദിവാസി ഭൂസമര പന്തലിലുമാണ് ആര്യാടൻ ഷൗക്കത്ത് ആദ്യമെത്തിയത്.