ടീം യുഡിഎഫിന്‍റെ ജയമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനങ്ങളെടുത്തത്. താനൊന്നും തീരുമാനിച്ചിട്ടില്ല. ജയത്തിന്‍റെ ക്രെഡിറ്റും വേണ്ടെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്‍റെ തീരുമാനം ശരിയെന്ന് ജനം തെളിയിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിനെ ജനം തിരഞ്ഞെടുപ്പിലൂടെ വിചാരണ ചെയ്തു. 2026 ല്‍ കൊടുങ്കാറ്റായി യുഡിഎഫ് തിരിച്ചുവരുമെന്ന് സതീശന്‍ അവകാശപ്പെട്ടു. ഏത് കേഡര്‍ പാര്‍ട്ടിയെയും തോല്‍പ്പിക്കാനുള്ള കരുത്തും സംഘടനാ വൈഭവവും യുഡിഎഫിനുണ്ടെന്ന് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂരിലേത് പ്രതീക്ഷിച്ച വിജയമാണെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം.സ്വരാജ് 66660 വോട്ടുകള്‍ നേടി. സ്വതന്ത്രനായി മല്‍സരിച്ച പി.വി.അന്‍വറാവട്ടെ 19760 വോട്ടുകളും പിടിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 81227 വോട്ടുകള്‍ നേടിയാണ് അന്‍വര്‍ നിയമസഭയിലെത്തിയത്. 78527 വോട്ടുകളാണ് അന്ന് യുഡിഎഫ് നേടിയത്. ഇക്കുറി വഴിക്കടവില്‍ വോട്ടെണ്ണിത്തുടങ്ങിയതു മുതല്‍ ലീഡ് പിടിച്ച ആര്യാടന്‍ ഷൗക്കത്ത് വോട്ടെണ്ണലിലുടനീളം നിലനിര്‍ത്തി. പോത്തുകല്ലില്‍ പോലും ലീഡ് പിടിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. അതേസമയം, ഭരണവിരുദ്ധ വികാരമൊന്നുമില്ലെന്നും വര്‍ഗീയശക്തികളുടെ വോട്ട് ലഭിക്കാതിരുന്നതില്‍ സന്തോഷമുണ്ടെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്വരാജ് വ്യക്തമാക്കി. സ്വന്തം പഞ്ചായത്തില്‍ വോട്ടുപിടിച്ചില്ലെന്ന വിമര്‍ശനം അരാഷ്ട്രീയമാണെന്നും സ്വരാജ് വ്യക്തമാക്കി.
പിണറായിസത്തിനെതിരെയുള്ള വോട്ടുകളാണ് താന്‍ നേടിയതെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ പ്രതികരിച്ചു. എല്‍ഡിഎഫിന്‍റെ വോട്ടുകളാണ് താന്‍ പിടിച്ചതെന്നും യുഡിഎഫിന്‍റേതല്ലെന്നും അന്‍വര്‍ പറഞ്ഞു.