നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ജനപിന്തുണ വര്‍ധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വര്‍ഗീയ ശക്തികളുടെ വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. നിലമ്പൂരിലെ ജയം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. തീവ്രവാദ ശക്തികളുമായി ചേര്‍ന്ന് യുഡിഎഫ് നടത്തിയ പ്രചാരണം ഫലിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മതനിരപേക്ഷതയ്ക്ക് യുഡിഎഫ് ഉണ്ടാക്കുന്ന ഭീഷണി പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനക്ഷേമകരമായ നടപടികളുമായി എല്‍ഡിഎഫ് മുന്നോട്ട് പോകും. അന്‍വറിന്‍റെ വ്യക്തിപരമായ വോട്ടുകള്‍ കൂടി നേടിയാണ് മുന്‍പ് രണ്ടുതവണ എല്‍ഡിഎഫ് മണ്ഡലത്തില്‍ ജയിച്ചതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, എം.വി.ഗോവിന്ദന്‍റെ പരാമര്‍ശം നിലമ്പൂരില്‍ ബാധിച്ചില്ലെന്നും ചരിത്രപരമായി നിലമ്പൂർ ഇടത് മണ്ഡലമല്ലെന്നുമായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ പ്രതികരണം. തോല്‍വി പാര്‍ട്ടി വിലയിരുത്തുമെന്നും പഠിക്കുമെന്നും തുടർഭരണ പ്രതീക്ഷകളെ നിലമ്പൂർ ഫലം സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിലമ്പൂരിലേത് യുഡിഎഫ് ഒറ്റക്കെട്ടായി നേടിയ വിജയമാണെന്ന് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. മുസ്‌ലിം ലീഗ് നേതാക്കളും പ്രവർത്തകരും അഹോരാത്രം പ്രയത്നിച്ചു. എല്ലാ പഞ്ചായത്തിലും ലീഡ് നേടാനായി. മണ്ഡലം തിരിച്ചു പിടിച്ചത്തിൽ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം.സ്വരാജ് 66660 വോട്ടുകള്‍ നേടി. സ്വതന്ത്രനായി മല്‍സരിച്ച പി.വി.അന്‍വറാവട്ടെ 19760 വോട്ടുകളും പിടിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 81227 വോട്ടുകള്‍ നേടിയാണ് അന്‍വര്‍ നിയമസഭയിലെത്തിയത്. 78527 വോട്ടുകളാണ് അന്ന് യുഡിഎഫ് നേടിയത്. ഇക്കുറി വഴിക്കടവില്‍ വോട്ടെണ്ണിത്തുടങ്ങിയതു മുതല്‍ ലീഡ് പിടിച്ച ആര്യാടന്‍ ഷൗക്കത്ത് വോട്ടെണ്ണലിലുടനീളം നിലനിര്‍ത്തി. പോത്തുകല്ലില്‍ പോലും ലീഡ് പിടിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. അതേസമയം, ഭരണവിരുദ്ധ വികാരമൊന്നുമില്ലെന്നും വര്‍ഗീയശക്തികളുടെ വോട്ട് ലഭിക്കാതിരുന്നതില്‍ സന്തോഷമുണ്ടെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്വരാജ് വ്യക്തമാക്കി. സ്വന്തം പഞ്ചായത്തില്‍ വോട്ടുപിടിച്ചില്ലെന്ന വിമര്‍ശനം അരാഷ്ട്രീയമാണെന്നും സ്വരാജ് വ്യക്തമാക്കി.