നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഭരണ വിരുദ്ധ തരംഗമുണ്ടാകുമെന്ന് വി.എസ്. ജോയ്. യുഡിഎഫ് വലിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. പി.വി. അന്‍വര്‍ ഇടതുവോട്ടില്‍ വിള്ളല്‍ വരുത്തുമെന്നും അങ്ങനെയെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ ഭൂരിപക്ഷം 20,000 കടക്കുമെന്നും ജോയ് മനോരമന്യൂസിനോട് പറഞ്ഞു. എല്ലാ പഞ്ചായത്തിലും ഭൂരിപക്ഷമെന്ന് എ.പി.അനില്‍കുമാറും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
263 ബൂത്തുകളില്‍ 19 റൗണ്ട് വോട്ടുകളാണ് എണ്ണുക. നാലു ടേബിളുകളില്‍ പോസ്റ്റല്‍ വോട്ടുകളെണ്ണും. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. രാവിലെ എട്ടുമണിയോടെ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനയും 10 മണിയോടെ തിരഞ്ഞെടുപ്പ് ചിത്രവും വ്യക്തമായേക്കും.
കേന്ദ്രസേനയുടെയും പൊലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. വന്‍ ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ് പറയുമ്പോള്‍ ജയമുറപ്പെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. ക്രോസ് വോട്ടിങ് നടന്നെങ്കിലും വിജയം തനിക്കൊപ്പം തന്നെയെന്ന് സ്വതന്ത്രസ്ഥാനാര്‍ഥി പി.വി.അന്‍വറും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഓരോ നിമിഷത്തേയും ഫലങ്ങളും വിലയിരുത്തലുകളുമായി മികച്ച കവറേജാണ് മനോരമ ന്യൂസ് ഒരുക്കിയിരിക്കുന്നത്. ഇടവേളകളില്ലാതെ, ഇടതടവില്ലാതെ വിവരങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ റിപ്പോര്‍ട്ടര്‍മാരും അവതാരകരും സാങ്കേതികവിദഗ്ധരുമടങ്ങുന്ന മികച്ച നിരയാണുള്ളത്. വെര്‍ച്വല്‍ റിയാലിറ്റി, ആഗ്മെന്‍റ് റിയാലിറ്റി സാങ്കേതിക സഹായത്തോടെ വോട്ടെണ്ണല്‍ വിവരങ്ങള്‍ നിങ്ങളുടെ സ്ക്രീനിന്‍ ഓരോ നിമിഷവും കാണാം.