നിലമ്പൂര്‍ വോട്ടെണ്ണലില്‍ ആദ്യ റൗണ്ടില്‍ ലീഡെടുത്തെങ്കിലും യുഡിഎഫിന് ഭീഷണിയായി പിവി അന്‍വര്‍. ആദ്യ റൗണ്ടില്‍ യുഡിഎഫിന് പ്രതീക്ഷിച്ചത്ര വോട്ടില്ല. അന്‍വര്‍ നേടിയ വോട്ടുകളാണ് യുഡിഎഫിന് വെല്ലുവിളിയാകുന്നത്. വഴിക്കടവിലെ 14 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 419 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ ലീഡ്. ഷൗക്കത്ത്- 3,614, സ്വരാജ്- 3,195, അന്‍വര്‍– 1588, മോഹന്‍ ജോര്‍ജ്– 401 എന്നിങ്ങനെയാണ് വോട്ടുനില. ആദ്യ റൗണ്ടില്‍ അന്‍വര്‍ കരുത്തുകാട്ടിയെന്ന് വ്യക്തം. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്ത് ലീഡ് നില 820 ലേക്ക് ഉയര്‍ത്തി. ആയിരത്തിലധികം വോട്ടുകള്‍ക്കാണ് നിലവില്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നത്.
അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 35 വോട്ട് ഭൂരിപക്ഷം ലഭിച്ചയിടമാണ് വഴിക്കടവ്. ആദ്യ ലീഡ് ഷൗക്കത്തിന് ലഭിച്ചതിന് പിന്നാലെ ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവും ആരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കൊടി ഉയര്‍ത്തിയാണ് ലീഗിന്‍റെ ആഹ്ലാദ പ്രകടനം.
263 ബൂത്തുകളില്‍ 19 റൗണ്ട് വോട്ടുകളാണ് എണ്ണുന്നത്. നാലു ടേബിളുകളിലായി പോസ്റ്റല്‍ വോട്ടെണ്ണല്‍ ക്രമീകരിച്ചു. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണും. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. പത്തുമണിയോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഉറച്ച വിജയ പ്രതീക്ഷയിലാണ് യുഎഡിഎഫും എല്‍ഡിഎഫും. ക്രോസ് വോട്ട് നടന്നിട്ടുണ്ടെങ്കിലും താന്‍ ജയിക്കുമെന്ന് പി.വി. അന്‍വറും പറയുന്നു.