സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം. നേതൃയോഗത്തിലാണ് മുഖ്യമന്ത്രി ഗോവിന്ദനെ താക്കീതിന്‍റെ സ്വരത്തിൽ വിമർശിച്ചത്. "മൈക്ക് കാണുമ്പോൾ എന്തും വിളിച്ചുപറയരുത്," എന്നും "എന്തും വിളിച്ചുപറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലത്," എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിലെ ജയമോ തോൽവിയോ പ്രശ്നമല്ലെന്നും പാർട്ടി നേതാക്കൾ പ്രസ്താവനകൾ നടത്തുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. സത്യസന്ധമായി കാര്യം പറഞ്ഞാൽ വിവാദമാകില്ലെന്നും ചാനലിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘അടിയന്തരാവസ്ഥകഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നു. അടിയന്തരാവസ്ഥ അർദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു’ ഗോവിന്ദൻ വ്യക്തമാക്കി.