നിലമ്പൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും രാവിലെ തന്നെ വോട്ടുചെയ്തു. വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് എം.സ്വരാജ് പറഞ്ഞു. നാട് പകർന്നു നൽകിയ ആത്മവിശ്വാസമുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സ്വരാജ് പറഞ്ഞു.
ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. യുഡിഎഫും എൽഡിഎഫും തമ്മിലുളള നേരിട്ടുള്ള മല്‍രമാണ് നടക്കുന്നതെന്നും ഷൗക്കത്ത്. അൻവർ ഘടകമാകുമോയെന്ന ചോദ്യത്തിന് കുറെ സ്വതന്ത്രൻമാർ മൽസരിക്കുന്നുണ്ടല്ലോയെന്നായിരുന്നു ഷൗക്കത്തിന്റെ മറുപടി. മഴ പ്രശ്നമല്ല പോളിങ് ശതമാനം കൂടുമെന്നും ഷൗക്കത്ത്. കുടുംബസമേതമെത്തിയാണ് ആര്യാടൻ ഷൗക്കത്ത് വോട്ട്ചെയ്തത്.
ആര്യാടന്‍ ഷൗക്കത്ത് 15000 മുതല്‍ 20000 വോട്ടിന് ജയിക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവും രാജ്യസഭാ എം.പിയുമായ പി.വി. അബ്ദുൾ വഹാബ്. അൻവർ പിടിക്കുന്നത് എല്‍ഡിഎഫിന്റെ വോട്ടാണ്. അൻവർ പിടിക്കുന്ന വോട്ടിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്നും വഹാബ് പറഞ്ഞു.
263 ബൂത്തുകളായി 2,32,384 വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം നിർവഹിക്കാനുള്ളത്. രാവിലെ 7ന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് പൂർത്തിയാകും. പ്രധാന മുന്നണി സ്ഥാനാർഥികളായ ആര്യാടൻ ഷൗക്കത്തിനും എം. സ്വരാജിനും പുറമേ സ്വതന്ത്ര സ്ഥാനാർഥിയായി എത്തുന്ന പി.വി. അൻവറിന്റെ സാന്നിധ്യമാണ് മത്സരത്തെ പ്രവചനാതീതമാക്കുന്നത്.
വിവിധ വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോര്‍ത്ത പ്രചാരണത്തിനു ശേഷമാണ് ഇന്ന് മണ്ഡലം വിധിയെഴുതുന്നത്. യുഡിഎഫ് എല്‍ഡിഎഫ് എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം അന്‍വറിന്റെ കൂടി സാന്നിധ്യം പോരാട്ടം വീറുറ്റതാക്കുകയാണ്. മൂന്നാംവട്ടവും ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയൻ സർക്കാരിനും നിലമ്പൂരിലെ വിധിയെഴുത്ത് നിർണായകം. ഭരണവിരുദ്ധ വികാരമുണ്ടെന്ന വാദമുയർത്തിയ പ്രതിപക്ഷത്തിന്റെ നിലപാട് ഉറപ്പിക്കാൻ മണ്ഡലം പിടിച്ചെടുക്കേണ്ട ബാധ്യതയാണ് യുഡിഎഫിന്റേത്. വികസനമുദ്രാവാക്യത്തിന് എത്രവോട്ടെന്ന കണക്കെടുപ്പിലാണ് എൻഡിഎ.