ആർ.എസ്.എസുമായി സി.പി.എമ്മിന് ഒരു ബന്ധവുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മുൻ പ്രസ്താവനയെ തിരുത്തിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി സി.പി.എം സഹകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശാല ഐക്യമുന്നണി കോൺഗ്രസിനെതിരെയായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് ജനതാപാർട്ടിയോട് സി.പി.എം സഹകരിച്ചിട്ടുണ്ട്. എന്നാൽ, ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചപ്പോൾ സി.പി.എം ജനതാപാർട്ടിയിൽ ലയിച്ചിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെയും മുഖ്യമന്ത്രി പരിഹസിച്ചു. "ചില ഫോട്ടോകൾ ചിലർ താണുവണങ്ങുന്നത് കണ്ടല്ലോ," എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നത് മുൻ കെ.പി.സി.സി പ്രസിഡന്‍റല്ലേ?" എന്നും മുഖ്യമന്ത്രി ചോദിച്ചു.

രാജ്ഭവനെ ആർ.എസ്.എസ് ശാഖയായി തരംതാഴ്ത്തരുതെന്ന് ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞത് സർക്കാരിന്‍റെ നിലപാടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോരുത്തരുടെയും താൽപര്യമനുസരിച്ച് ചിത്രങ്ങൾ വെക്കരുതെന്നും ആർ.എസ്.എസ് ചിഹ്നങ്ങൾ ആർ.എസ്.എസുകാർ കൊണ്ടുനടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan clarified that the CPI(M) has no association with the RSS, correcting the earlier statement by party state secretary M.V. Govindan. Vijayan emphasized that even during the Emergency, CPI(M) never collaborated with RSS and only allied with the Janata Party against Congress. He mocked Congress leaders VD Satheesan and K. Sudhakaran, hinting at their alleged closeness with RSS. Addressing the Bharatamba controversy, he asserted that Raj Bhavan should not resemble an RSS shakha and endorsed Minister P. Prasad’s statements as the government's official stance.