നിലമ്പൂര്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എം.വി.ഗോവിന്ദന്‍റെ ആര്‍.എസ്.എസ് കൂട്ടുകെട്ട് പരാമര്‍ശത്തില്‍ വെട്ടിലായി സിപിഎം. ആര്‍.എസ്.എസുമായല്ല ജനതാപാര്‍ട്ടിയുമായാണ് സഹകരിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പാര്‍ട്ടി സെക്രട്ടറിയെ തള്ളിയതോടെ, പറഞ്ഞത് വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി എം.വി.ഗോവിന്ദന്‍ രംഗത്തു വന്നു. വോട്ടെടുപ്പിന് തലേന്ന് എം.വി.ഗോവിന്ദന്‍ സത്യം വിളിച്ചു പറഞ്ഞത് മനഃപൂര്‍വമാണെന്ന് പ്രതിപക്ഷം. ബി.ജെ.പി. ഇത്തവണയും സഹായിക്കണമെന്ന പരസ്യമായ അഭ്യര്‍ഥനയാണ് എം.വി.ഗോവിന്ദന്‍ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.
അടിയന്തിരവസ്ഥകാലത്ത് ആര്‍ എസ് എസുമായി സഹകരിച്ചിരുന്നുവെന്ന് തുറന്നു പറയുന്നത് വിവാദമായാലും പ്രശ്നമില്ലെന്ന് എം വി ഗോവിന്ദന്‍റെ പരാമര്‍ശത്തില്‍ ആടിയുലയുകയാണ് സിപിഎം. ആര്‍ എസ് എസുമായി സിപിഎം സഹകരിച്ചിട്ടില്ലെന്നും അടിയന്തിരാവസ്ഥ കാലത്ത് ജനതാപാര്‍ട്ടിയുമായാണ് ഇടത്പക്ഷം സഹകരിച്ചതെന്നും തിരുത്തി എം സ്വരാജ് രംഗത്തെത്തി. ആര്‍ എസ് എസ് വോട്ട് ലക്ഷ്യമിട്ടുള്ളതാണ് ഗോവിന്ദന്‍റെ പരാമര്‍ശമെന്ന് ആക്ഷേപം ഉയര്‍ന്നതോടെ അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ മലക്കം മറിഞ്ഞു. അടിയന്തിരവാസ്ഥ കാലത്ത് ജനസംഘം ഉള്‍പ്പടെ വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടിയായതാണ് താന്‍ പറഞ്ഞതെന്നും ആര്‍ എസ് എസുമായി ഒരു കാലത്തും ബന്ധമില്ലെന്നും എം വി ഗോവിന്ദന്‍.
ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ വടകരയിലും ബേപ്പൂരിലും ഇ എം എസിന്‍റെ കാലത്ത് ആര്‍ എസ് എസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നുവെന്ന് ആരോപിച്ച് വിവാദത്തില്‍ നിന്ന് തടിയൂരാനായിരുന്നു എം വി ഗോവിന്ദന്‍റെ ശ്രമം. അടിയന്തരാവസ്ഥക്കാലത്ത് മാത്രമല്ല, 89ലും ആര്‍ എസ് എസുമായി സിപിഎം കൂട്ടുകൂടിയെന്ന് പ്രതിപക്ഷനേതാവ് തുറന്നടിച്ചു. കോണ്‍ഗ്രസ് വിരോധത്തിന്‍റെ പേരില്‍ ഇപ്പോഴും ബന്ധമെന്നും വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് തലേന്ന് ആര്‍ എസ് എസ് ബന്ധത്തില്‍ വിവാദം ചൂട് പിടിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അമര്‍ഷമുണ്ട്. ഇത് തണുപ്പിക്കാന്‍ വേണ്ടിക്കൂടിയാണ് എം വി ഗോവിന്ദന്‍ ചരിത്രത്തെ കൂട്ട് പിടിച്ച് ന്യായീകരണവുമായി എത്തിയത്