rajbhavan

File photo

ഔദ്യോഗിക ചടങ്ങുകളില്‍ ഭാരത് മാതാ ചിത്രം ഒഴിവാക്കും. സര്‍ക്കാരുമായി ഉടക്കാനില്ലെന്ന് രാജ്ഭവന്‍. നിലവിളക്കും ഒഴിവാക്കാന്‍ തീരുമാനം. സത്യപ്രതിജ്ഞ ചടങ്ങുകളിലായിരിക്കും ഈ ഒഴിവാക്കലുകള്‍. കേരള ശ്രീ പുരസ്കാരദാനച്ചടങ്ങിലും ഒഴിവാക്കും. രാജ്ഭവന്‍റെ ചടങ്ങുകളില്‍ ചിത്രവും വിളക്കും തുടരും. നാളത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകും.

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതു വിവാദമായിരുന്നു. ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നാവശ്യപ്പെട്ടതോടെ  രാജ്ഭവനിൽ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്കരിക്കുകയും ചെയ്തു. 

ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ കഴിയില്ലെന്നു നിലപാടെടുത്ത മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ചടങ്ങ് നടത്തുകയും ചെയ്തു. അതേസമയം, രാജ്ഭവനിൽ സർക്കാർ പരിപാടിക്കായി ഒരുക്കിയ വേദിയിൽ ഗവർണറുടെ നേതൃത്വത്തിലും പരിസ്ഥിതി ദിനാഘോഷം  നടന്നു.

ദേശീയഗാനത്തിനും പ്രാർഥനയ്ക്കും ശേഷം ഉദ്ഘാടനച്ചടങ്ങ് എന്ന ക്രമത്തിൽ പരിപാടി അംഗീകരിച്ച് രാജ്ഭവനിൽനിന്നു കൃഷിമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നെങ്കിലും രാത്രി ഇതിൽ മാറ്റം വരുത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പുതിയ അറിയിപ്പിൽ ദേശീയഗാനത്തിനു ശേഷം, ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും വിളക്കു തെളിക്കലും ചേർത്തിരുന്നു. മന്ത്രി ആവശ്യപ്പെട്ടപ്രകാരം ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽനിന്ന് അയച്ചു നൽകിയപ്പോഴാണ്, ആർ എസ്എസിന്റെ പരിപാടികളിൽ ഉപയോഗിക്കുന്ന, കാവിക്കൊടിയേന്തിയ ചിത്രമാണെന്നു മനസ്സിലായത്.

ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണു പൊതുവേ ഉപയോഗിച്ചു കണ്ടിട്ടുള്ളതെന്നും ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്താനാകില്ലെന്നും മന്ത്രി രാജ്ഭവനെ അറിയിച്ചു. ഗവർണറുമായി ആശയവിനിമയം നടത്തിയ രാജ്ഭവനിലെ അഡിഷനൽ ചീഫ് സെക്രട്ടറി, പുഷ്പാർച്ചന ഒഴിവാക്കാൻ കഴിയില്ലെന്നു മറുപടി നൽകി. ഇതോടെയാണു സർക്കാർ ചടങ്ങ് സെക്രട്ടേറിയറ്റിലേക്ക് മാറ്റിയത്. എന്നാൽ പരിസ്ഥിതി ദിനാഘോഷം പതിവില്ലാത്ത രാജ്ഭവനിൽ ആഘോഷം സംഘടിപ്പിച്ച ഗവർണർ വിളക്കു തെളിച്ച്, ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. 

ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയെ പങ്കെടുപ്പിച്ച് ‘ഓപ്പറേഷൻ സിന്ദൂർ’ പ്രഭാഷണം നടത്തിയതു മുതലാണു രാജ്ഭവനിലെ സമ്മേളനഹാളിലെ വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചത്.

ഭാരതാംബ രാജ്യത്തിന്റെ പ്രതീകമാണെന്നും ചിത്രം രാജ്ഭവനിൽനിന്നു മാറ്റില്ലെന്നുമായിരുന്നു അന്ന് ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിലപാട്. പരിസ്ഥിതി ദിനാഘോഷത്തിനുശേഷം രാജ്ഭവനിൽ സംഘടിപ്പിച്ച മറ്റൊരു പരിപാടിയിലായിരുന്നു ഗവർണറുടെ പരാമർശം. പരിപാടിക്ക് എത്താമെന്നേറ്റ മന്ത്രി വി.ശിവൻകുട്ടിയും മന്ത്രി പി.പ്രസാദും വിട്ടുനിന്നതിനെയും ഗവർണർ വിമർശിച്ചു. 

ENGLISH SUMMARY:

Bharat Mata image to be avoided at official function, says rajbhavan