തന്നെ വ്യക്തിപരമായി ആക്രമിക്കില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞത് നല്ല മനസുകൊണ്ടാണെന്ന് പി.വി.അന്‍വര്‍. ഇ പി യുടെ നല്ല മനസിന് സന്തോഷം. ഇ.പിയുമായി എത്രയോ കാലത്തെ ബന്ധമാണുള്ളത്. എം വി ഗോവിന്ദൻ യൂദാസ് എന്ന് തന്നെ വിളിച്ചത് പിണറായി വിജയൻ പറഞ്ഞതു കൊണ്ടാണ്. എം വി ഗോവിന്ദന്റെ സ്വന്തം വാക്കാണെന്ന് വിശ്വസിക്കുന്നില്ല.
റോഡ് ഷോയിലെ ആൾകൂട്ടം വോട്ടായി മാറും. 75000 വോട്ട് പിടിക്കും. എൽ ഡി എഫ് സ്ഥാനാർത്ഥി ഇപ്പോൾ തന്നെ തോറ്റമ്പിയ നിലയിലാണ്. പിണറായിയുടെ പൊതുയോഗത്തിന് ഏറനാട്, വണ്ടൂർ, മഞ്ചേരിയിൽ നിന്ന് ആളെ എത്തിക്കുകയായിരുന്നുവെന്നും അൻവർ മനോരമ ന്യൂസിനോട് പറഞ്ഞു. നേരത്തെ അന്‍വറിനെ തിരഞ്ഞെടുപ്പ് കാലത്ത് ആക്രമിക്കാനില്ലെന്ന് ഇ.പി പറഞ്ഞിരുന്നു. എല്ലാം ജനത്തിനറിയാം, ജനം തിരഞ്ഞെടുപ്പിലൂടെ പ്രതികരിക്കുമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.
Also Read: നിലമ്പൂരില്‍ ആവേശമായി പ്രിയങ്കയുടെ റോഡ്ഷോ; മഴയെ തോല്‍പ്പിച്ച ആവേശം
കലാശപ്പോരിലേക്ക്
നിലമ്പൂരിൽ കലാശപ്പോരിലേക്ക് കടക്കുകയാണ് മുന്നണികൾ. കനത്ത മഴയ്ക്കിടയിലും പ്രചാരണ ആവേശം ചോരാതെ എല്ലാ ശക്തിയും പുറത്തെടുക്കുകയാണ് സ്ഥാനാർഥികളും പാർട്ടികളും. പ്രചാരണം യുഡിഎഫിന്റെ വെൽഫയർ പാർട്ടി പിന്തുണയിൽ തന്നെ നിലനിർത്താൻ സിപിഎം ശ്രമിക്കുമ്പോൾ ഭരണ നേട്ടങ്ങൾ പറഞ്ഞ് വോട്ട് തേടാൻ ഭരണപക്ഷത്തെ വെല്ലുവിളിക്കുകയാണ് യുഡിഎഫ് .
നിലമ്പൂരിൽ പരസ്യപ്രചാരണത്തിന് നാളെ പൂട്ടുവീഴും. അവസാന നിമിഷത്തിലും വോട്ടർമാരുടെ മനസിൽ കയറാൻ തന്ത്രങ്ങൾ മാറ്റി മാറ്റി പയറ്റുകയാണ് മുന്നണികൾ. അവസാന ലാപ്പിൽ സ്ഥാനാർത്ഥികളും കൊമ്പു കോർത്തു. ആദ്യം വിദ്വേഷം പ്രചരിപ്പിച്ച യുഡിഎഫ് ഇപ്പോൾ വന്യജീവി ആക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇടത് സ്ഥാനാർഥി എം.സ്വരാജ് പറഞ്ഞു. വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചതിന് രണ്ട് കേസുകളിൽ പ്രതിയാണെന്ന് ഓർമിപ്പിച്ച് സ്വരാജിന് മറുപടിയുമായി ആര്യാടൻ ഷൗക്കത്തും രംഗത്തുവന്നു.