1980ലെ തിരഞ്ഞെടുപ്പിൽ ഡിഗ്രി പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷമാണ് ആര്യാടൻ മുഹമ്മദിനായി വോട്ടുപിടിക്കാൻ അന്ന് നിലമ്പൂരിലെത്തിയതെന്ന് സിപിഎം പിബി അംഗമായ എ വിജയരാഘവൻ. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിലാണ് പഴയ തിരഞ്ഞെടുപ്പ് ഓർമകൾ അദ്ദേഹം പങ്കുവെച്ചത്.
അന്നത്തെ നിലമ്പൂരിൽ ഇത്രയും പാലങ്ങളൊന്നുമില്ല. അന്ന് നിലമ്പൂരിലെത്തി ഒരു മാസത്തോളം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട് ഞാൻ. അന്ന് എൽഡിഎഫിന്റെ ഭാഗമാണ് ആര്യാടൻ മുഹമ്മദ്. എൽഡിഎഫിന്റെ സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷം ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ഉപ തിരഞ്ഞെടുപ്പായിരുന്നു അത്.
അക്കാലത്ത് രൂപപ്പെട്ട സങ്കീർണമായ, വൈകാരികമായ രാഷ്ട്രീയ വിഷയങ്ങളുണ്ടായിരുന്നു. കോളജിൽ പഠിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പിന്റെ വളവ്, തിരിവുകളൊന്നും നന്നായി അറിയുന്ന സമയമല്ല. വലിയ ഭൂരിപക്ഷത്തിനാണ് ആര്യാടൻ മുഹമ്മദ് അന്ന് എൽഡിഎഫിന്റെ ഭാഗമായി ജയിച്ചത്. അന്നത്തെ ആഹ്ലാദ പ്രകടനത്തിലും പങ്കെടുത്തു ഞാൻ. അതിന് ശേഷം 2 വർഷം കഴിഞ്ഞ് ആര്യാടനെ തോൽപ്പിക്കാനായും പ്രചാരണം നടത്തി. ആര്യാടൻ ഇക്കുറി അസംബ്ലി കാണില്ലെന്ന് മുദ്രാവാക്യവും വിളിച്ചു. രാഷ്ട്രീയത്തിൽ അങ്ങനെയാണല്ലോ. ജീവിതത്തിലെ രസകരമായ അനുഭവങ്ങളുടെ പട്ടികയിലാണ് 1980, 1982ഉം ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.