അബ്ദുള്‍ നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള പിഡിപി കഴിഞ്ഞദിവസമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചത്. രാജ്യത്ത് വൻ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നത് എൽഡിഎഫ് ആണ്. ഫാഷിസത്തിന് തടയിടാൻ എൽഡിഎഫിന് മാത്രമേ കഴിയൂ എന്നും പിന്തുണ അറിയിച്ചുകൊണ്ട് പിഡിപി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ വ്യക്തമാക്കിയിരുന്നു. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ പിഡിപി പീഡിത വിഭാഗമാണെന്നും ജമാ അത്തെ ഇസ്ലാമി വര്‍ഗീയശക്തിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ‘പിഡിപിയും ജമാ അത്തെ ഇസ്ലാമിയും ഒരു പോലെയല്ല. അതില്‍ ഒരു സംശയവും വേണ്ട. ജമാ അത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വര്‍ഗീയ ശക്തിയാണ്. ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് അവര്‍. ആ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ്’ എം വി ഗോവിന്ദന്‍ പറഞ്ഞു.
വര്‍ഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേ സമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഖില ഭാരത ഹിന്ദുമഹാസഭ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനെ പിന്തുണക്കുമെന്ന് പറഞ്ഞ് സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് രംഗത്തെത്തിയിരുന്നു.