CPl സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ചുള്ള സംഭാഷണം പുറത്തു വന്നതിന് പിന്നാലെ എറണാകുളം ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാൻ സംസ്ഥാന നേതൃത്വം. താനറിയുന്ന കമലാ സദാനന്ദനും, ദിനകരനും അങ്ങനെ പറയില്ലെന്നു പറഞ്ഞ്, ബിനോയ് വിശ്വം ഒഴിഞ്ഞുമാറുന്നുണ്ടെങ്കിലും നേതാക്കൾക്കെതിരെ കടുത്ത നടപടിക്കാണ് കളമൊരുങ്ങുന്നത്. വിഭാഗീയതയ്ക്കൊപ്പം, സംസ്ഥാന സെക്രട്ടറിക്കെതിരെയുള്ള അതൃപ്തി കൂടിയാണ് മനോരമ ന്യൂസ് പുറത്തുവിട്ട സംഭാഷണത്തിൽ പ്രകടമാകുന്നത്.
എറണാകുളം ജില്ലയിൽ പാർട്ടിയിൽ നിലനിൽക്കുന്ന വിഭാഗിയത കൂടുതൽ ആഴത്തിലാകുന്നതിനൊപ്പം സംസ്ഥാന നേതൃത്വത്തിലേയ്ക്കും വ്യാപിക്കുന്നു എന്ന സൂചനയാണ് വ്യക്തമാകുന്നത്. ഇതാണ് വിവാദങ്ങൾക്ക് പിന്നാലെ എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കളിൽ നിന്ന് പ്രാഥമീക വിവരം സംസ്ഥാന നേതൃത്വം ശേഖരിച്ചതിന് പിന്നിൽ. ഫോൺ റെക്കോഡ് പുറത്തുവരാനുള്ള സാഹചര്യത്തെക്കുറിച്ചും സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് ചോദിച്ചു. പരിഹാസവും വിമർശനവും തനിക്കു നേരെ ആണെന്നത് സംസ്ഥാന സെക്രട്ടിയെയും പ്രതിസന്ധിയിലാക്കുന്നു. എങ്ങും തൊടാതെ മറുപടി പറഞ്ഞൊഴിഞ്ഞു മാറുന്നതിനും കാരണം അതുതന്നെ.
സംസ്ഥാന കൗൺസിൽ അംഗമായ കമലസദാനന്ദനും, ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും എതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ജില്ലാ നേതൃത്വത്തിലേയും, സംസ്ഥാന നേതൃത്വത്തിലേയും ഒരു വിഭാഗം ഉന്നയിച്ചു കഴിഞ്ഞു. സമ്മേളന കാലയളവിലുണ്ടായ വിവാദവും,വിമർശനവും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടുത്ത മാസം എറണാകുളം ജില്ലാ സമ്മേളനം നടക്കാനിരിക്കെ ജില്ലാ സെക്രട്ടറി K.M. ദിനകരന് സ്ഥാനനഷ്ടത്തിനുള്ള സാധ്യതയുമുണ്ട്