വെൽഫെയർ പാർട്ടി യുഡിഎഫ് സഖ്യകക്ഷിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. യുഡിഎഫിനു വെൽഫെയർ പാർട്ടി പിന്തുണ നല്‍കിയതിനോടു പ്രതികരിക്കുകായിരുന്നു എം.വി.ഗോവിന്ദന്‍ . ജമാഅത്തെ ഇസ്‌ലാമി വലിയ വർഗീയ സംഘടനയാണ്. പി.ഡി.പിയും ജമാഅത്തെ ഇസ്‌ലാമിയും രണ്ടാണ്. പിഡിപി പിന്തുണ സ്വീകരിക്കുന്നതിൽ പ്രശ്നമില്ലെന്നും എം.വി.ഗോവിന്ദൻ മനോരമന്യൂസിനോടു പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ അപ്രതീക്ഷിതമായി ഒന്നും തന്നെയില്ലെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന്‍റെ പ്രതികരണം. ചേരേണ്ടവര്‍ തന്നെയാണ് ചേരുകയെന്നും സ്വരാജ് പറഞ്ഞു.
ആരുടെ കാലുപിടിച്ചും തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി ആരോപിച്ചു. ജമാഅത്തെ ഇസ്ലാമി പിന്തുണ എല്ലാക്കാലത്തും യുഡിഎഫിനാണ്. കേരളം തിരിച്ചറിഞ്ഞതാണത് അത്. അതിന്റെ ഉദാഹരണമാണ് രണ്ടാം പിണറായി സർക്കാരെന്നും ശിവൻകുട്ടി പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് മൂർച്ചകൂട്ടി മുന്നണികൾ പ്രചാരണരംഗത്ത് കുതിക്കുകയാണ്. അനന്തുവിൻറെ മരണവുമായി ബന്ധപ്പെട്ട് മുന്നണികൾ തമ്മിലുള്ള വാക്പോര് തുടരുന്നു. വെൽഫെയർ പാർട്ടിയുടെയും പിഡിപിയുടെയും പിന്തുണയയാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനും മലപ്പുറം വേദിയാവുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.പി.ജയരാജൻ തുടങ്ങി ഒട്ടേറെ നേതാക്കൾ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിന് സജീവമാണ്.