ഭാരത് മാതാ കീ ജയ് വിളിച്ച് സി.പി.ഐ നേതാക്കള്‍. തൃശൂര്‍ സി.പി.ഐ ആസ്ഥാനത്തു ദേശീയപതാക ഉയര്‍ത്തി പിന്നാലെയാണ് സി.പി.ഐ. നേതാക്കള്‍ ഭാരത് മാതാ കീ ജയ് വിളിച്ചത്. രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രംവച്ചുള്ള പരിപാടി മന്ത്രി പി.പ്രസാദ് ഒഴിവാക്കിയത് വിവാദമായിരുന്നു.
ബി.ജെ.പി, സംഘ് പരിവാര്‍ പ്രസ്ഥാനങ്ങളാണ് സാധാരണ പാര്‍ട്ടി പരിപാടികളില്‍ ഭാരത് മാതാ കീ ജയ് വിളിക്കാറുള്ളത്. ഈ ദൃശ്യം സി.പി.ഐ. തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് മുറ്റത്താണ്. ഈ മുദ്രാവാക്യം വിളി ഉയരാന്‍ കാരണം ഭാരതാംബ വിവാദമാണ്. രാജ്ഭവനില്‍ ആര്‍.എസ്.എസിന്‍റെ ഭാരതാംബ ചിത്രംവച്ചുള്ള പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്ക്കരിച്ചിരുന്നു. ചിത്ര വിവാദം കൊടുമ്പിരി കൊണ്ടതോടെ സി.പി.ഐയ്ക്കെതിരെ സംഘ്പരിവാര്‍ വിമര്‍ശനം ഉയര്‍ത്തി. ദേശസ്നേഹമായിരുന്നു വിഷയം.
ഈ സാഹചര്യത്തിലാണ് ദേശീയപതാക ഉയര്‍ത്തി ഭാരത് മാതാ കീ ജയ് വിളിക്കാന്‍ സി.പി.ഐ തീരുമാനിച്ചത്. സംഘ്പരിവാര്‍ പറയുന്ന ഭാരത് മാതാ സങ്കല്‍പത്തിനു വിരുദ്ധമായി എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ് സി.പി.ഐയുടെ ആശയമെന്ന് നേതാക്കള്‍ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജനങ്ങളുടേയും പ്രതീകമാണ് ഭാരത് മാതയെന്ന നെഹ്റുവിന്‍റെ ആശയവും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു. സിംഹത്തിന്‍റെ പുറമേറി കാവിക്കൊടി പിടിച്ചതല്ല യഥാര്‍ഥ ഭാരതാംബയെന്നും പിടിക്കേണ്ടത് ദേശീയപതാകയേന്തിയ ഭാരതാംബയാണെന്നും ബിനോയ് വിശ്വം തൃശൂരില്‍ പറഞ്ഞു.
ആര്‍.എസ്.എസിന്‍റെ ഭാരതാംബ ചിത്രത്തിനു മുമ്പില്‍ നിലവിളിക്ക് തെളിയിക്കാന്‍ കേരളത്തിലെ ഇടതുമന്ത്രിമാരെ കിട്ടില്ലെന്ന് മന്ത്രി കെ.രാജന്‍ വ്യക്മമാക്കി. ഭരണഘടന അംഗീകരിക്കാത്ത ചിത്രത്തെ ഔദ്യോഗിക പരിപാടിയുടെ ഭാഗമാക്കാന്‍ കഴിയില്ലെന്ന് മന്ത്രി പി.പ്രസാദ് പ്രതീകരിച്ചു. ഭാരതാംബ വിവാദം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കമായി കാണേണ്ടതില്ലെന്നാണ് സി.പി.ഐയുടെ നിലപാട്.