കൊല്ലത്തെ കെ.എസ്.യുവില്‍ പണം തട്ടല്‍ വിവാദവും, ഹണി ട്രാപ്പ് വിവാദവും. സംസ്ഥാന സെക്രട്ടറി ആഷിക് ബൈജുവിന്‍റെ പരാതിയില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരും ജില്ലാ പ്രസിഡന്‍റും ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. സ്ത്രീയെ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതി വ്യാജമെന്നും മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.
കൊല്ലത്ത് കഴിഞ്ഞ കുറച്ചു നാളായി കെ.എസ്.യുവില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ കേസ്. എസ്.എഫ്.ഐ ക്കാര്‍ അക്രമിച്ചെന്നാരോപിച്ച് ഇന്നു നടന്ന കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചില്‍ ഒരുമിച്ച് മുദ്രാവാക്യം വിളിച്ചെത്തിയവര്‍ തന്നെയാണ് വാദിയും, പ്രതികളും. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ യദുകൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്‍റ് അന്‍വര്‍ സുല്‍ഫിക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഒരു സ്ത്രീ തനിക്കെതിരെ ബലാല്‍സംഗ കുറ്റം ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചെന്നാണ് ആഷിക്കിന്‍റെ പരാതി. സ്ത്രീയുടെ ആരോപണത്തിനു പിന്നില്‍ മൂന്നു നേതാക്കളാണെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശ പ്രകാരമാണ് കേസ്. പരാതി വ്യാജമാണെന്നും മാനനഷ്ടത്തിനു കേസ് നല്‍കുമെന്നും രണ്ടാം പ്രതിയും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ യദുകൃഷ്മന്‍. എന്നാല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ആഷിക് ബൈജുവിന്‍റെ പ്രതികരണം