പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അഹങ്കാരമാണെന്ന് നിലമ്പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.വി.അന്‍വര്‍. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചടി നേരിടും. തോറ്റാലും തനിക്കെതിരെ കൈ പൊക്കുന്നയാള്‍ വേണ്ടെന്നാണ് സതീശന്‍റെ നിലപാട്. വി.എസ്. ജോയിയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തത്ത് അതിനാലാണ്. തന്‍റെ യുഡിഎഫ് പ്രവേശനത്തിനായി ലീഗ് നേതാക്കള്‍ സംസാരിച്ചു. സാദിഖലി തങ്ങള്‍പോലും അനുകൂല നിലപാടെടുത്തു. എന്നാല്‍ ആരെയും ബഹുമാനിക്കാത്ത നടപടിയാണ് സതീശന്‍റേതെന്നും അന്‍വര്‍ ആരോപിച്ചു.
മുഹമ്മദ് റിയാസിന്‍റെയും ആര്യാടന്‍ ഷൗക്കത്തിന്‍റെയും നേതൃത്വത്തില്‍ തനിക്കെതിരെ വ്യക്തഹത്യ നടത്തുകയാണ്. റിയാസ് പണം പിരിച്ചുവെന്നും അതിന് തെളിവുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. തെളിവുകള്‍ താന്‍ പുറത്തുവിട്ടാല്‍ തലയില്‍ മുണ്ടിട്ട് പോകേണ്ടി വരുമെന്നും കാരാട്ട് കുറീസിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയതിന്‍റെ തെളിവുകളും പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ മുന്നണിയും അന്‍വര്‍ പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയാണ് മുന്നണിയെന്നും നിലമ്പൂരിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നും അന്‍വര്‍ പറഞ്ഞു. തൃണമൂല്‍ ചിഹ്നത്തില്‍ മല്‍സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നം തേടുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.