മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസ്സിൽ കള്ളവും ഉണ്ടെന്നും അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാമെന്നും പിവി അന്‍വര്‍.
ആവശ്യത്തിനനുസരിച്ച് വിവിധ സമുദായങ്ങളെ “യൂസ് ആൻഡ് ത്രോ”രീതിയിൽ ഉപയോഗിക്കാനുള്ള പിണറായിയുടെ കഴിവാണ് യഥാർത്ഥ വഞ്ചന. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്നും അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം, പിവി അന്‍വര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടിക്കാഴ്ച്ചയില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ രംഗത്തെത്തി. സ്വന്തം ഇഷ്ടപ്രകാരം പോയി അന്‍വറിനെ കണ്ടതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിട്ടുണ്ടെന്നും, കാണണമെന്ന് അന്‍വന്‍ രാഹുലിനോട് ആവശ്യപ്പെട്ടു എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ആ വിവാദം അവസാനിച്ചു. രാഹുലും നേതൃത്വവും കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞു. ഭരണ തുടർച്ച അല്ല, ഭരണ മാറ്റമാണ് നിലമ്പൂരിൽ നിന്ന് തുടങ്ങുന്നതെന്നും, നിലമ്പൂരിൽ പറഞ്ഞതൊക്കെ മുഖ്യമന്ത്രി പാലക്കാട്ടും പലതവണ പറഞ്ഞതാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
പി.വി. അൻവർ – രാഹുൽ മാങ്കൂട്ടത്തിൽ കൂടികാഴ്ച തെറ്റാണെന്ന് വി.ഡി. സതീശൻ തുറന്നടിച്ചിരുന്നു. പി.വി. അൻവർ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് വാതിൽ അടയ്ക്കാൻ യുഡിഎഫ് നേതൃത്വം തീരുമാനിച്ചത്. അതിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ അർദ്ധരാത്രി കൂടിക്കാഴ്ചയ്ക്കായി അൻവറിന്റെ വീട്ടിലേക്ക് ചെന്നത്. കിട്ടിയ ആയുധം സിപിഎം പ്രയോജനപ്പെടുത്തിയപ്പോൾ സ്വന്തം നീക്കത്തെ രാഹുൽ ആദ്യം പ്രതിരോധിച്ചു.
എന്നാൽ, ലക്ഷ്മണരേഖ കടന്ന രാഹുലിനെ കോൺഗ്രസിന് പരിചിതമല്ലാത്ത അസാധാരണ രീതിയിൽ സതീശൻ നേരിട്ടു. നടപടിയെ തള്ളിയ കെപിസിസി പ്രസിഡന്റ് വിശദീകരണം നേടുന്നത് ആലോചിക്കുമെന്ന് കൂടി പറഞ്ഞുവച്ചു. അടൂർ പ്രകാശും കെ മുരളീധരനും കൂടിക്കാഴ്ച വിവാദത്തിൽ ഡാമേജ് കൺട്രോളിന് ശ്രമിച്ചു. നേതൃത്വത്തിന്റെ പരസ്യ ശാസന അംഗീകരിക്കുന്നുവെന്ന് ഒടുവിൽ രാഹുൽ പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടം- പി.വി.അൻവൻ പാതിര കൂടിക്കാഴ്ച്ച നിലമ്പൂരിൽ മൂർച്ചയുള്ള പ്രചാരണ ആയുധമാക്കി ഇടതുമുന്നണി. കുടിക്കാഴ്ചയെ ഡിവൈഎഫ്‌ഐ പരിഹസിച്ചപ്പോൾ, അൻവറിനെ കാണാൻ യുഡിഎഫ് നേതാക്കൾ ക്യൂ നിൽക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. രാഹുലിനെ യുഡിഎഫ് നേതൃത്വം തള്ളിയെങ്കിലും, കൂടിക്കാഴ്ച നേതൃത്വത്തിന്റെ അറിവോടെ തന്നെയാണെന്ന പ്രചാരണമാണ് എല്‍ഡിഎഫ് തൊടുത്തു വിടുന്നത്.